കൊല്ലം: വൃദ്ധ ദമ്പതികളെ കബളിപ്പിച്ച് സ്വർണാഭരണങ്ങളും പണവും തട്ടിയെടുത്ത രണ്ടു പേർ പിടിയില്‍. തഴവ തൊടിയൂർ പി.വി നോർത്ത് അയിക്കമത്ത് വീട്ടില്‍ നിന്നു കരുനാഗപ്പള്ളി ആലംകടവ് മരുതെക്ക് ഒട്ടത്തി മുക്കത്ത് വാടകയ്ക്ക് താമസിക്കുന്ന ബിൻസി (43), കണ്ണൂർ തലശ്ശേരി കൈവട്ടം കെ.പി ഹൗസില്‍ (ഷീല നിവാസ്) മകൻ അശിൻ കുമാർ (32) എന്നിവരാണ് പിടിയിലായത്.
പെരിനാട് വെള്ളിമണ്‍ സ്വദേശിയായ പരാതിക്കാരിയുടെ മകനുമായി മാട്രിമോണിയല്‍ വഴി പരിചയപ്പെട്ട ഒന്നാം പ്രതി ബിൻസിയും ബിൻസിയുടെ സഹോദരൻ എന്ന് പരിചയപ്പെടുത്തിയ അശിൻ കുമാറും പരാതിക്കാരിയുടെ ഭർത്താവിന്റെ പരിചരണത്തിന് എന്ന വ്യാജേന വീട്ടിലെത്തി.
ബിൻസിയും അശിനും ചേർന്ന് ഭർത്താവിനെ ചികിത്സയ്ക്കായി എറണാകുളം അമൃത ആശുപത്രിയിലെത്തിച്ചു. ചികിത്സ ചെലവിനായി മാലയും കമ്മലും അടങ്ങിയ ആറ് പവൻ വാങ്ങി. പകരം വരവ് മാല നല്‍കി.
പിന്നീട് ആശുപത്രിയില്‍ നിന്നു പരാതിക്കാരിയെ അശിൻ ചെമ്മക്കാടുള്ള ബാങ്കിലെത്തിച്ച് അവിടെ പണയത്തിലിരുന്ന ഏഴരയും അഞ്ചും പവൻ ആഭരണങ്ങള്‍ എടുപ്പിച്ചു. അതും വിറ്റു.
ഭർത്താവിന്റെ എ.ടി.എം കാർഡ് കൈക്കലാക്കിയും ഗൂഗിള്‍ പേ വഴിയും 5 ലക്ഷം രൂപ തട്ടിയെടുത്തു. മൊത്തം പതിനെട്ടര പവനും 5 ലക്ഷം രൂപയും തട്ടിയെടുത്തെന്നാണ് കേസ്.
കുണ്ടറ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ അനില്‍ കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ പ്രദീപ്, അംബ്രിഷ്, അനില്‍ കുമാർ, എ.എസ്.ഐ മധു, സീനിയർ സിവില്‍ പൊലീസ് ഓഫീസർമാരായ ദീപക്, നന്ദ കുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
ബിൻസിയും അശിനും സഹോദരങ്ങള്‍ അല്ലെന്ന് പൊലീസ് പറഞ്ഞു. കണ്ണൂർ സ്വദേശിയായ അശിൻ കുമാർ കരുനാഗപ്പള്ളിയില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നതിനിടെ പരിചയപ്പെട്ട് ബിൻസിക്കൊപ്പം താമസിക്കുകയായിരുന്നു.