കോഴിക്കോട്: രൂപമാറ്റം വരുത്തി നവ കേരള ബസ് വീണ്ടും നിരത്തിലിറങ്ങുന്നു. അറ്റകുറ്റ പണികള്‍ക്കു ശേഷം ബസ് ബംഗളൂരുവില്‍ നിന്ന് കോഴിക്കോട്ട് എത്തിച്ചു.
സീറ്റുകള്‍ കൂട്ടിയതിനൊപ്പം യാത്രാനിരക്ക് കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. കോഴിക്കോട്-ബംഗളൂരു റൂട്ടില്‍ സർവീസ് പുനരാരംഭിക്കും.
ബസില്‍ 11 സീറ്റുകള്‍ അധികമായി ഘടിപ്പിച്ചിട്ടുണ്ട്. ഇതോടെ ആകെ 37 സീറ്റാണ് ബസിലുള്ളത്. എസ്‌കലേറ്ററും പിൻ ഡോറും ഒഴിവാക്കി മുൻ ഭാഗത്ത് മാത്രം ഡോർ നിർത്തിയിരിക്കുകയാണ്.
ശൗചാലയവും നിലനിർത്തി. യാത്രാ നിരക്ക് കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇന്നലെ ബംഗുളൂരു- കോഴിക്കോട് യാത്രയില്‍ ഈടാക്കിയത് 930 രൂപയാണ്. നേരത്തെ 1,280 രൂപയായിരുന്നു യാത്രാനിരക്ക്.
2023 ഡിസംബറില്‍ കാസർകോട് മുതല്‍ തിരുവനന്തപുരം വരെ നടന്ന സംസ്ഥാന സർക്കാരിന്റെ നവ കേരള സദസ് പര്യടനത്തില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ചത് ഈ ബസിലായിരുന്നു.
യാത്ര തുടങ്ങും മുൻപേ ബസ് വിവാദത്തിലായിരുന്നു. ഒരു കോടിയിലേറെ രൂപ ചെലവഴിച്ചാണ് മന്ത്രിമാർക്കു സഞ്ചരിക്കാനായി വാഹനം വാങ്ങിയത്. എന്നാല്‍, നവ കേരള യാത്രയ്ക്കു ശേഷം ഏറെ വിവാദങ്ങള്‍ക്കു ശേഷം ബസ് കോഴിക്കോട്-ബംഗളൂരു റൂട്ടില്‍ സർവീസ് ആരംഭിച്ചു. പിന്നീട് കട്ടപ്പുറത്താകുകയും ചെയ്തിരുന്നു.
