Zygo-Ad

പ്രകൃതിക്ഷോഭ നഷ്‌ട പരിഹാരം: കേന്ദ്ര വിഹിതം കിട്ടുന്നു; സംസ്ഥാന വിഹിതം അനിശ്ചിതത്വത്തില്‍


കണ്ണൂർ: വലിയ പ്രതീക്ഷയോടെ കൃഷിയിറക്കുന്ന കർഷകർക്ക് പ്രകൃതിക്ഷോഭം മൂലം നല്‍കുന്ന നാമമാത്രമായ നഷ്ട പരിഹാരം നല്‍കുന്നതിലും ക്ഷാമം.

കണ്ണൂർ ജില്ലയില്‍ മാത്രം നവംബർ 30 വരെ നല്‍കാനുള്ളത് 3,37,33,581 രൂപയാണ്. ഇതില്‍ സംസ്ഥാന സർക്കാരിന്‍റെ വിഹിതം 3,19,79,206 രൂപയാണ് നല്‍കാനുള്ളത്. 2022 ജനുവരി ഒന്നു മുതലുള്ള തുകയാണ് ഇനി നല്‍കാനുള്ളത്. 

‌ കേന്ദ്ര സർക്കാരിന്‍റെ വിഹിതമായ 35,74,635 രൂപ അനുവദിച്ചതില്‍ 18,20,260 രൂപ വിതരണം ചെയ്തു. ഇത് 2024 ഏപ്രില്‍ വരെയുള്ളതാണ്. ബാക്കിയുള്ള തുകയില്‍ ജൂലൈ 18 വരെയുള്ളവ അനുവദിച്ചു വന്നിട്ടുണ്ട്. രണ്ടാഴ്ചയ്ക്കകം ഇതു വിതരണം ചെയ്യുമെന്ന് പ്രിൻസിപ്പല്‍ കൃഷി ഓഫീസർ ബിന്ദു കെ. മാത്യു പറഞ്ഞു. ജില്ലയില്‍ 2024 ജനുവരി ഒന്നു മുതല്‍ നവംബർ 30 വരെ 2369 അപേക്ഷകളില്‍ 1,48,77,513 രൂപയുടെ നാശനഷ്ടമുണ്ടായി എന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. ഇതില്‍ കേന്ദ്രവിഹിതം 16,34,330 രൂപയും സംസ്ഥാന വിഹിതം 1,31,93,183 രൂപയുമാണ്. 

തളിപ്പറമ്പ് താലൂക്കിലാണ് ഏറ്റവുമധികം നഷ്ടമുണ്ടായിരിക്കുന്നത്. ഇവിടെ നിന്നും 369 പരാതികള്‍ സ്വീകരിച്ച്‌ 29,77,936 രൂപ വകയിരുത്തി. തൊട്ടു പിന്നില്‍ ഇരിക്കൂറും പയ്യന്നൂരും ഉണ്ട്. കണ്ണൂരിലാണ് ഏറ്റവും കുറവ് അപേക്ഷ ലഭിച്ചത്. ജൂലൈ അവസാന വാരത്തിലും ഓഗസ്റ്റ് ആദ്യ വാരത്തിലുമാണ് ജില്ലയില്‍ ഏറ്റവുമധികം നാശനഷ്ടം ഉണ്ടായത്. കഴിഞ്ഞ രണ്ടു ദിവസമായി ന്യൂനമർദത്തെ തുടർന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മഴ ഉണ്ടായെങ്കിലും കാര്യമായ നാശനഷ്ടങ്ങള്‍ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അഞ്ചുവർഷം മുന്പ് നിശ്ചയിച്ച തുകയാണ് വിളകള്‍ക്ക് നഷ്ട പരിഹാരമായി ഇപ്പോഴും നല്‍കി വരുന്നത്. നഷ്ടപരിഹാരം അടിയന്തരമായും വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിക്കണമെന്നും കാർഷിക വിളകളുടെ നഷ്ട പരിഹാര തുക ഉയർത്തണമെന്നും കർഷകർ ആവശ്യപ്പെടുന്നു. 

നഷ്ടപരിഹാരം ലഭിക്കുന്നത് 'ഉപ്പും തവിടുമായി'

കായ്ക്കുന്ന ഒരു തെങ്ങ് നഷ്ടപ്പെട്ടാല്‍ കർഷകന് ലഭിക്കേണ്ടത് 700 രൂപയാണ്. ഇത് ലഭിക്കുന്നതാകട്ടെ രണ്ടുഘട്ടങ്ങളിലായി. കേന്ദ്ര വിഹിതമായ 102. 80 രൂപ ഇപ്പോഴത്തെ സ്ഥിതിയില്‍ ആദ്യം ബാങ്ക് അക്കൗണ്ടിലെത്തും. പിന്നീട് നാളുകള്‍ കഴിഞ്ഞാണ് സംസ്ഥാന സർക്കാരിന്‍റെ വിഹിതമായ 597.20 രൂപ ലഭ്യമാകുന്നത്. കർഷകന് ഒരു പ്രയോജനവും ലഭിക്കാത്ത തരത്തിലുള്ളതാണ് ഇപ്പോഴത്തെ നഷ്ട പരിഹാര വിതരണം. 

ഇതു പോലെ തന്നെയാണ് മിക്ക കാർഷിക വിളകളുടെയും നഷ്ടപരിഹാരം വിതരണം ചെയ്യുന്നത്. നെല്ല് ഉള്‍പ്പെടെയുള്ള ചുരുക്കം ചില വിളകള്‍ക്കാണ് കേന്ദ്ര വിഹിതം മാത്രമുള്ളത്. 

2024 ജനുവരി ഒന്നു മുതല്‍ നവംബർ 30 വരെയുള്ള താലൂക്ക് തിരിച്ചുള്ള കണക്ക്

താലൂക്ക് ആകെ അപേക്ഷ നഷ്‌ട പരിഹാരത്തുക 

എടക്കാട് :77 3,63,829

ഇരിക്കൂർ : 362 25,98,373

ഇരിട്ടി : 281 27,79,707

കല്യാശേരി : 80 1,40,900

കണ്ണൂർ:24 39,985

കൂത്തുപറമ്പ്: 250 18,26,924

പാനൂർ:89 2,28,448

പയ്യന്നൂർ : 351 9,96,814

പേരാവൂർ: 349 22,79,373

തലശ്ശേരി : 137 6,45,254

തളിപ്പറമ്പ്: 369 29,77,936

വളരെ പുതിയ വളരെ പഴയ