പത്തനംതിട്ട: കണ്ണൂർ മുൻ എ.ഡി.എം നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷക്ക് സ്ഥലം മാറ്റം നല്‍കി ഉത്തരവ്. കോന്നി തഹസില്‍ദാർ ആയിരുന്ന മഞ്ജുഷക്ക് പത്തനംതിട്ട കലക്ടറേറ്റിലേക്കാണ് സ്ഥലംമാറ്റം.
അവരുടെ അപേക്ഷ പരിഗണിച്ചാണ് നടപടി. നിലവില്‍ അവധിയിലാണ് മഞ്ജുഷ. തഹസില്‍ദാർ എന്നത് ഏറെ ഉത്തരവാദിത്തമുള്ള പദവിയാണെന്നും ആ ചുമതലകളില്‍ നിന്ന് ഒഴിവാക്കി സ്ഥലം മാറ്റം നല്‍കണമെന്നും കാണിച്ചാണ് മഞ്ജുഷ അപേക്ഷ നല്‍കിയത്.
എ.ഡി.എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സി.പി.എം നേതാവും കണ്ണൂർ ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പി.പി. ദിവ്യക്ക് ജാമ്യം ലഭിച്ചിരുന്നു. അതിനിടെ, നവീൻ ബാബുവിന്റെ മരണത്തിലെ കൈക്കൂലി ആരോപണത്തില്‍ അന്വേഷണം പൂർത്തിയാക്കിയിരിക്കുകയാണ് വിജിലൻസ് സ്പെഷല്‍ സെല്‍. അന്തിമ റിപ്പോർട്ട് ഈ ആഴ്ച ആഭ്യന്തര വകുപ്പിനു കൈമാറും.
കോഴിക്കോട് വിജിലൻസ് സ്പെഷല്‍ സെല്‍ ആണ് ആരോപണത്തില്‍ അന്വേഷണം നടത്തിയത്. പെട്രോള്‍ പമ്ബിന് അനുമതി നല്‍കുന്നതിനായി കൈക്കൂലി നല്‍കിയെന്നായിരുന്നു പ്രശാന്തിന്റെ ആരോപണം. ഇത് പരിശോധിക്കാനായിരുന്നു വിജിലൻസ് സ്പെഷല്‍ സെല്ലിന് സർക്കാർ നിർദേശം നല്‍കിയത്. കോണ്‍ഗ്രസ് നേതാവായ ടി.ഒ. മോഹനനും വിജിലൻസിനു പരാതി നല്‍കിയിരുന്നു. ഇദ്ദേഹത്തിന്റെ മൊഴിയും കഴിഞ്ഞ ദിവസം വിജിലൻസ് രേഖപ്പെടുത്തി.
നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ തെളിവുകള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം നല്‍കിയ ഹർജിയില്‍ കണ്ണൂര്‍ കലക്ടര്‍ക്കും ടി.വി. പ്രശാന്തിനും നോട്ടീസ് അയച്ചു. ഹര്‍ജി പരിഗണിച്ച കണ്ണൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് നോട്ടീസ് അയക്കാൻ ഉത്തരവിട്ടത്. കേസ് ഡിസംബര്‍ പത്തിന് വീണ്ടും പരിഗണിക്കും.
