കണ്ണൂർ: നഗരത്തിലെ രൂക്ഷമായ തെരുവ് നായ ശല്യത്തില്‍ നിന്നും ജനങ്ങളെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് എല്‍.ഡി .എഫിന്റെ നേതൃത്വത്തില്‍ കോർപറേഷനു മുന്നില്‍ പ്രതിഷേധിച്ചു. കണ്ണൂർ കോർപറേഷനില്‍ പിൻവാതില്‍ ഭരണമാണ് നടക്കുന്നതെന്നും ഇത് തിരിച്ചറിയാൻ മേയർക്കാവുന്നില്ലെന്നും സമരം ഉദ്ഘാടനം ചെയ്ത സി പി.എം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ ആരോപിച്ചു.
അലഞ്ഞു തിരിയുന്ന തെരുവ് നായകള്‍ക്ക് ഷെല്‍ട്ടർ ഒരുക്കുന്നതിന് കോർപറേഷൻ ഇതു വരെ ഒന്നും ചെയ്തില്ല. ജില്ലാ പഞ്ചായത്തിന്റെ എ. ബി .സി കേന്ദ്രത്തിലേക്ക് തെരുവ് നായകളെ എത്തിക്കുന്നതിനുള്ള ഒരു നടപടിയും ഇതുവരെ സ്വീകരിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. റെയില്‍വേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് പരിസരങ്ങളില്‍ തെരുവ് നായകള്‍ വിഹരിക്കുകയാണ്. റെയില്‍വേയും കോർപറേഷനും ഇക്കാര്യത്തില്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രശോഭ് അദ്ധ്യക്ഷത വഹിച്ചു. എല്‍.ഡി.എഫ് നേതാക്കളായ വി.വി.സുമേഷ്, കെ.എം.സപ്ന, സി ജമാല്‍,കെ.പി.സഹദേവൻ എന്നിവരും പ്രസംഗിച്ചു .
