തബലയുടെ ഉസ്താദിന് വിട;മരണം സ്ഥിരീകരിച്ചത് ഇന്ന് രാവിലെ; സാക്കിർ ഹുസൈൻ ഇനി ഓർമ

 


ലോകപ്രസിദ്ധനായ തബല വിദ്വാൻ ഉസ്താദ് സാക്കിർ ഹുസൈൻ (73) അന്തരിച്ചു.

ഹൃദയസംബന്ധമായ അസുഖത്തെ തുടർന്നു യുഎസിലെ സാൻഫ്രാൻസിസ്കോയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് സാക്കിർ ഹുസൈൻ മരിച്ചത്.

കുടുംബാംഗങ്ങളെ ഉദ്ധരിച്ച് വാർത്താഏജൻസി പിടിഐ ഇന്ന് രാവിലെയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

സാക്കിർ ഹുസൈൻ അന്തരിച്ചതായി കേന്ദ്ര വാർത്താവിതരണ മന്ത്രാലയം ഉൾപ്പെടെ രാത്രി ട്വീറ്റ് ചെയ്തതോടെ രാജ്യമെങ്ങുമുള്ള മാധ്യമങ്ങൾ മരണ വാർത്ത നൽകിയിരുന്നു.

എന്നാൽ, കുടുംബം ഇത് നിഷേധിച്ചു രംഗത്തെത്തി. മരണ വാർത്ത തെറ്റാണെന്നു വ്യക്തമാക്കിയ ശേഷം സാക്കിർ ഹുസൈന്‍റെ കുടുംബം, അദ്ദേഹം ജീവനോടെയുണ്ടെന്നും അദ്ദേഹത്തിനായി പ്രാർഥിക്കണമെന്നും രാത്രി വൈകി അഭ്യർഥന നടത്തി.

തുടർന്ന് വാർത്ത വിതരണ മന്ത്രാലയവും കേന്ദ്ര മന്ത്രിമാർ അടക്കമുള്ള നേതാക്കളും മാധ്യമങ്ങളും വാർത്ത പിൻവലിച്ചിരുന്നു. പിന്നീട് ഇന്ന് രാവിലെയോടെ കുടുംബാംഗങ്ങള്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു.

രണ്ടാഴ്ച മുൻപാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തബലയെ ലോകപ്രശസ്‌തിയിലേക്ക്‌ ഉയര്‍ത്തിയ കലാകാരൻമാരിൽ പ്രധാനിയാണ്.

ബയാനിൽ (തബലയിലെ വലുത്‌) സാക്കിര്‍ ഹുസൈൻ്റെ വേഗവിരലുകളാൽ പ്രകടിപ്പിച്ചിരുന്ന ആ മാസ്‌മരികത സംഗീതലോകത്തിന് എന്നും വിസ്മയമായിരുന്നു.

മുംബൈയുടെ പ്രാന്തപ്രദേശമായ മാഹിമിലാണ് സാക്കിർ ഹുസൈൻ്റെ ജനനം. മൂന്നാം വയസ്സ് മുതൽ സംഗീതത്തിൽ അഭിരുചി പ്രകടിപ്പിച്ചു.

തബലയില്‍ പഞ്ചാബ്‌ ഖരാനയില്‍ അച്ഛൻ അല്ലാ രഖായുടെ പാത പിന്തുടർന്ന സാക്കിർ ഏഴാം വയസ്സിൽ സരോദ്‌ വിദഗ്‌ധന്‍ ഉസ്‌താദ്‌ അലി അക്‌ബര്‍ ഖാനോടൊപ്പം ഏതാനും മണിക്കൂര്‍ അച്ഛന്‌ പകരക്കാരനായാണ് തുടക്കം.

പന്ത്രണ്ടാം വയസ്സിൽ ബോംബെ പ്രസ്‌ ക്ലബില്‍ നൂറു രൂപയ്ക്ക് ഉസ്‌താദ്‌ അലി അക്‌ബര്‍ ഖാനോടൊപ്പം സ്വതന്ത്രമായി തബല വായിച്ച്‌ സംഗീതലോകത്ത്‌ വരവറിയിച്ചു.

വളരെ പുതിയ വളരെ പഴയ