Zygo-Ad

വിദേശത്ത് ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പ്: കണ്ണൂര്‍ സ്വദേശി പിടിയിൽ

 


കണ്ണൂർ: വിദേശത്ത് ജോലി വാഗ്ദാനം ചെയ്തു യുവതിയില്‍ നിന്ന് മൂന്നു ലക്ഷം തട്ടിയെടുത്ത കണ്ണൂർ സ്വദേശി പോലീസ് പിടിയില്‍.

മുത്തോലപുരം വാഴയില്‍ പി. രഞ്ജിനി കൂത്താട്ടുകുളം പോലീസില്‍ നല്‍കിയ പരാതിയെത്തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കണ്ണൂർ അറക്കല്‍ ബിജോയ് ജോർജി (42) നെ കൂത്താട്ടുകുളം പോലീസ് അറസ്റ്റ് ചെയ്തത്. 

അയർലൻഡിലെ കെയർ ഹോമില്‍ കെയർ ഗിവർ വീസ ശരിയാക്കി നല്‍കാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച്‌ യുവതിയില്‍ നിന്ന് രണ്ടു തവണയായി പ്രതി മൂന്നു ലക്ഷം തട്ടിയെടുക്കുകയായിരുന്നു. 

പരാതിക്കാരിയുടെ ഇലഞ്ഞി ബ്രാഞ്ചിലെ ബാങ്ക് അക്കൗണ്ടില്‍ നിന്നും പ്രതിയുടെ ബംഗളൂരു ചിക്ജാലയിലുള്ള എസ്ബിഐ ബ്രാഞ്ചിലെ അക്കൗണ്ടിലേക്ക് മൂന്നു ലക്ഷം കൈമാറിയതായി പോലീസ് കണ്ടെത്തി. സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലായി സമാന രീതിയിലുള്ള നിരവധി കേസുകള്‍ ഇയാളുടെ പേരിലുള്ളതായും പോലീസ് പറഞ്ഞു. 

പുത്തൻകുരിശ് ഡിവൈഎസ്പിയുടെ നിർദേശ പ്രകാരം ഇൻസ്പെക്ടർ വിൻസണ്‍ ജോസഫിന്‍റെ മേല്‍നോട്ടത്തില്‍ എസ്‌ഐമാരായ കെ.പി. സജീവ്, പി.വി. ശാന്തകുമാർ, ഷിബു വർഗീസ്, എസ്‌സിപിഒ ശ്രീജിത്ത് എന്നിവരടങ്ങുന്ന സംഘമാണു പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

വളരെ പുതിയ വളരെ പഴയ