യുവതിയെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടച്ചതായി പരാതി; തീവ്രവാദക്കേസില്‍ പെടുത്തുമെന്നും ഭീഷണി


കണ്ണൂര്‍: യുവതിയെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടച്ചതായി പരാതി. കണ്ണൂര്‍ വട്ടപ്പൊയില്‍ ബൈത്തുല്‍ മന്‍സിലില്‍ പി പി കരീമിന്റെയും എന്‍ ജമീലയുടേയും മകളായ ജസീലയാണ് നവംബര്‍ ഒന്ന് മുതല്‍ ജയിലില്‍ അടയ്ക്കപ്പെട്ടിരിക്കുന്നത്.

മകളെ കള്ളക്കേസില്‍ കുടുക്കിയതാണെന്ന് ചൂണ്ടിക്കാട്ടി കണ്ണൂര്‍ സിറ്റി പോലിസ് കമ്മീഷണര്‍ക്ക് എന്‍ ജമീല പരാതി നല്‍കി. 

തന്റെ മകന്‍ ജംഷീറിന് ദുബായില്‍ ബിസിനസാണെന്ന് ജമീല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജസീല കണ്ണൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു. മകന്റെ കമ്പനിയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ആ കമ്പനിയില്‍ നടന്നിരുന്നത്. സാറ എഫ്‌എക്‌സ് എന്ന കമ്പനിയില്‍ പണം നിക്ഷേപിച്ചാല്‍ 20 ശതമാനം അധികം ഓരോ മാസവും ലഭിക്കുമെന്ന് പറഞ്ഞ് വഞ്ചിച്ച്‌ 43 ലക്ഷം രൂപ തട്ടിയെന്ന് ആരോപിച്ചാണ് എ അഷ്‌റഫ് എന്നയാള്‍ സിറ്റി പോലിസില്‍ പരാതി നല്‍കിയത്. 

ജംഷീര്‍, ജസീല, നസീബ്, നജ്മല്‍ എന്നിവര്‍ ചേര്‍ന്ന് ഇത് ചെയ്‌തെന്നാണ് പരാതിയില്‍ ആരോപിച്ചത്. ഈ കേസിലാണ് ജസീലയെ പോലിസ് അറസ്റ്റ് ചെയ്തത്.

സാറ എഫ്‌ എക്‌സ് കമ്പനിയുമായോ അഷ്‌റഫുമായോ ജസീലക്ക് യാതൊരു ബന്ധവുമില്ലെന്ന് എന്‍ ജമീല പറഞ്ഞു. ജസീല അഷ്‌റഫിനെ നേരില്‍ കാണുകയോ ഫോണില്‍ സംസാരിക്കുകയോ ചെയ്തിട്ടില്ല. അഷ്‌റഫില്‍ നിന്നോ അയാളുമായി ബന്ധപ്പെട്ട മറ്റാരെങ്കിലും നിന്നോ പണവും വാങ്ങിയിട്ടില്ല. 

അഷ്‌റഫും സംഘവും നല്‍കിയ വ്യാജ പരാതിയില്‍ റജിസ്റ്റര്‍ ചെയ്ത കേസിലാണ് ജസീലയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. 12ഉം ഏഴും വയസുള്ള രണ്ടു കുട്ടികളുള്ള ജസീല 45 ദിവസമായി ജയിലിലാണ്. 

സാറ കമ്പനിയുമായി പരാതിക്കാരനെ പരിചയപ്പെടുത്തിയത് അമീന്‍, മുഹസിന്‍ എന്നിവരാണെന്നാണ് സ്വകാര്യ അന്വേഷണത്തില്‍ മനസിലായിരിക്കുന്നതെന്നും എന്‍ ജമീല സിറ്റി പോലിസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതി പറയുന്നു. 

അവര്‍ തമ്മിലുള്ള ഇടപാടിന് ജസീലയും ജംഷീറും ഉത്തരവാദികളല്ല. അഷ്‌റഫിന് ട്രേഡിങ്ങില്‍ ലക്ഷങ്ങള്‍ നഷ്ടപ്പെട്ട് സാമ്പത്തിക ബാധ്യതയുണ്ടായപ്പോള്‍ ജംഷീര്‍ അയാളെ സഹായിച്ചിരുന്നു. ഇരുവരും സ്‌കൂളില്‍ ഒരുമിച്ച്‌ പഠിച്ചവരാണ്. 

അമീനും മുഹ്‌സിനും നിര്‍ദേശിച്ചത് പ്രകാരമാണ് എ അഷ്‌റഫ് ഇപ്പോള്‍ കള്ളപ്പരാതി നല്‍കിയിരിക്കുന്നത്. 2023ല്‍ രണ്ടു കേസുകള്‍ വേറെയും നല്‍കിയിരുന്നു. കേസില്ലാതാക്കാന്‍ രണ്ടു കോടി രൂപയാണ് ആവശ്യപ്പെടുന്നത്. കേസുമായി ഒരു ബന്ധവുമില്ലെന്ന് നിരവധി തവണ വ്യക്തമാക്കിയിട്ടും തെളിവുകള്‍ നല്‍കിയിട്ടും പോലിസ് അതൊന്നും പരിഗണിക്കുന്നില്ല.

മറ്റു ചില നിയമങ്ങള്‍ പ്രകാരം കേസെടുത്ത് എന്‍ ഐഎക്ക് കൈമാറുമെന്നാണ് ടൗണ്‍ എസ്‌എച്ച്‌ഒ ഷാജി ഭീഷണിപ്പെടുത്തിയത്. മിഥുന്‍ എന്ന അഭിഭാഷകനും ഷമീം എന്നയാളും ജസീലയേയും ജംഷീറിനെയും സ്ഥിരമായി ഇക്കാര്യം പറഞ്ഞ് ഭീഷണിപ്പെടുത്തുന്നുണ്ട്. രണ്ട് കോടി രൂപ നല്‍കിയാല്‍ പ്രശ്‌നം തീര്‍ക്കാമെന്നാണ് അവര്‍ പറയുന്നതെന്നും എന്‍ ജമീല വിശദീകരിച്ചു.

വളരെ പുതിയ വളരെ പഴയ