കണ്ണൂർ: ഇന്നും സി പി എം പാർട്ടിക്കും പ്രസ്ഥാനത്തിനും ഒരുപോലെ തലവേദനയാണ് ടി പി ചന്ദ്രശേഖരൻ . ഇപ്പോഴും അതിന്റെ അലയൊലികള്‍ അവസാനിച്ചിട്ടില്ല എന്ന് തന്നെ വേണം പറയാൻ .
ടി.പി.ചന്ദ്രശേഖരൻ കൊലക്കേസ് പ്രതികള്‍ക്കു നിയമവിരുദ്ധമായി ശിക്ഷയിളവ് നല്‍കാനുള്ള നീക്കം പൊളിഞ്ഞതിന്റെ പേരില്‍ ജയില്‍ ഉദ്യോഗസ്ഥർക്കെതിരെ സർക്കാരിന്റെ പ്രതികാര നടപടി. കണ്ണൂർ സെൻട്രല്‍ ജയിലില്‍ നിന്നു ജില്ലാ പൊലീസ് മേധാവിക്കു കൈമാറിയ വിട്ടയക്കേണ്ടവരുടെ പട്ടിക ചോർന്നതോടെയാണു നീക്കം പുറത്തറിഞ്ഞത്.
കഴിഞ്ഞ ജൂണില്‍ പട്ടിക കൈമാറിയ ജയില്‍ ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ 6 മാസം കഴിഞ്ഞിട്ടും പിൻവലിക്കാത്ത സർക്കാർ, ഇവർക്കെതിരെ കടുത്ത ശിക്ഷാ നടപടിയെടുത്തു റിപ്പോർട്ട് ചെയ്യാനും ആവശ്യപ്പെട്ടു.
ടി.പി കേസ് പ്രതികള്‍ പട്ടികയില്‍ ഉള്പ്പെട്ടതെങ്ങനെയെന്നു കണ്ടെത്താൻ 'ശ്രമിക്കാത്ത' ആഭ്യന്തരവകുപ്പ്, പട്ടിക പുറത്തായതിന്റെ പേരില്‍ മാത്രമാണു നടപടിക്കു മുതിരുന്നത്. ടി.കെ.രജീഷ്, മുഹമ്മദ് ഷാഫി, അണ്ണൻ സിജിത് എന്നിവരാണു ശിക്ഷയിളവു പട്ടികയിലുണ്ടായിരുന്നത്.
നീക്കം വിവാദമാതോടെ, കണ്ണൂർ ജയില്‍ സൂപ്രണ്ടിന്റെ ചുമതല വഹിച്ചിരുന്ന ജോയിന്റ് സൂപ്രണ്ട് കെ.എസ്.ശ്രീജിത്, അസി.സൂപ്രണ്ട് ബി.ജി.അരുണ്‍, അസി. പ്രിസണ്‍ ഓഫിസർ ഒ.വി.രഘുനാഥ് എന്നിവരെ ജൂണ്‍ 17നു മുഖ്യമന്ത്രി നേരിട്ടു സസ്പെൻഡ് ചെയ്തു.
ക്വട്ടേഷൻ കൊലപാതകം നടത്തിയവർക്കു സാധാരണഗതിയില്‍ ഇളവു നല്‍കാനാകില്ല. രജീഷും ഷാഫിയും ഉള്‍പ്പെടെ 6 പ്രതികള്‍ക്ക് 20 വർഷത്തേക്കു ശിക്ഷയിളവ് നല്കരുതെന്നു ഫെബ്രുവരിയില്‍ ഹൈക്കോടതി വിധിച്ചിരുന്നു.
എന്നാല്‍ 2023 ജനുവരി 30നു പട്ടിക തയാറാക്കുമ്പോഴും 2024 മേയ് 30ന് ഇതു പരിഷ്കരിച്ചപ്പോഴും ടി.പി കേസ് പ്രതികള്‍ ഉള്‍പ്പെട്ടു.
സസ്പെൻഷനിലായ ഉദ്യോഗസ്ഥർ ഈ സമയത്തു ചുമതലയുണ്ടായിരുന്നവരല്ല.90 ദിവസത്തിനപ്പുറം സസ്പെൻഷൻ നീട്ടാറില്ലെന്നിരിക്കെയാണ് 6 മാസമായിട്ടും തിരിച്ചെടുക്കാത്തത്.
തിരിച്ചെടുക്കണമെന്ന് അഭ്യർഥിച്ച് ഉദ്യോഗസ്ഥർ ജയില്‍ വകുപ്പ് മേധാവിക്കു സമർപ്പിച്ച അപേക്ഷ സർക്കാരിനു കൈമാറിയപ്പോഴാണ്, കടുത്ത നടപടിക്കു നിർദേശിച്ചത്. ഇൻക്രിമെന്റും സ്ഥാനക്കയറ്റവും തടഞ്ഞേക്കും.
ടി.പി കേസ് പ്രതികള്‍ക്കു ലഭിക്കില്ലെന്നു വന്നതോടെ, ശിക്ഷയിളവ് പട്ടിക അപ്പാടെ ആഭ്യന്തരവകുപ്പ് മരവിപ്പിച്ചിരുന്നു. ടി പി ചന്ദ്രശേഖരന് വധക്കേസ് പ്രതികളെ വിട്ടയയ്ക്കാനുള്ള നീക്കം ഹൈക്കോടതി വിധിയെ മറി കടക്കുന്നതാണെന്നാണ് വിമർശനം ഉയർന്നിരുന്നു.