നാളെ അനുവിന്റെ ജന്മദിനം;15 നാള്‍ മുമ്പ് വിവാഹം നടന്ന പള്ളിയില്‍ തന്നെ സംസ്‌കാരവും,നാടും വീടും കണ്ണീരണിഞ്ഞ കാഴ്ച

 


പത്തനംതിട്ട: തിങ്കളാഴ്ച അനുവിന്റെ ജന്മദിനമാണ്. ക്രിസ്തുമസും ന്യൂഇയറും കുടുംബത്തോടൊപ്പം ആഘോഷിക്കാൻ പറന്നെത്തിയവർ.

എന്നാല്‍ ഇന്ന് നാടും വീടും അവരെ ഓർത്ത് കണ്ണീരില്‍ മുങ്ങുന്ന ഹൃദയഭേദകമായ കാഴ്ച. പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ കലഞ്ഞൂർ മുറിഞ്ഞകല്ലില്‍ ശബരിമല തീർത്ഥാടകരുടെ ബസ്സിലേക്ക് കാർ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ട നവദമ്ബതിമാരും അച്ഛന്മാരും നാടിനെ ഒന്നാകെ വേദനയിലാഴ്ത്തിയാണ് മടങ്ങുന്നത്.

എട്ട് വർഷം നീണ്ട പ്രണയത്തിനൊടുവില്‍ 15 ദിവസങ്ങള്‍ക്ക് മുമ്ബ് ബന്ധുക്കളുടെയും പ്രിയപ്പെട്ടവരുടെയും അനുഗ്രഹശിസ്സുകളോടെ വിവാഹം. ഒന്നിച്ചുള്ള അനുവിന്റെ പിറന്നാളും ആദ്യ ക്രിസ്മസിനുമായി ഇരു വീടുകളും ഒരുങ്ങിയിരുന്നു. നക്ഷത്രവും സ്റ്റാറുമായി സന്തോഷത്തിന്റെ നിമിഷങ്ങള്‍... ഒന്നിരുട്ടി വെളുത്തപ്പോള്‍ തേടിയെത്തിയ ദുരന്തവാർത്തയെ എങ്ങനെ നേരിടുമെന്നറിയാതെ വീടുകളിലും ആശുപത്രിയിലും ബന്ധുക്കളും നാട്ടുകാരും കണ്ണീരോടെ കാത്തിരിക്കുകയാണ്.

വിദേശത്ത് നിന്നും ബന്ധുക്കള്‍ എത്തിയതിന് ശേഷമായിരിക്കും സംസ്കാര ചടങ്ങുകള്‍ നടത്തുകയെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഒരേ ദിവസം തന്നെ സംസ്കാര ശുശ്രൂഷകള്‍ നടത്താനാണ് ആലോചിക്കുന്നത്.പോസ്റ്റുമോർട്ടം നടപടികള്‍ പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്.

വിവാഹശേഷം മലേഷ്യയില്‍ മധുവിധു ആഘോഷിച്ചശേഷം നാട്ടിലേക്ക് മടങ്ങുമ്ബോഴാണ് നവദമ്ബതികള്‍ അപകടത്തില്‍പ്പെട്ടത്. ഇരുവരേയും സ്വീകരിക്കാനായി പോയ രണ്ടുപേരുടെയും അച്ഛന്മാരും അപകടത്തില്‍ മരിച്ചു. മലേഷ്യയില്‍നിന്ന് എത്തുന്ന മക്കളെ സ്വീകരിക്കാൻ ഒരുമിച്ച്‌ പോകാമെന്ന് മത്തായി ഈപ്പനും ബിജു പി ജോർജ്ജും തീരുമാനിച്ചിരുന്നു. ഇക്കാര്യം മക്കളെ അറിയിച്ചിരുന്നു. രാത്രിയാണ് ഇരുവരും തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പോയത്. വീട് എത്തുന്നതിന് എഴ് കിലോമീറ്റർ മുൻപ് അപകടം സംഭവിക്കുകയായിരുന്നു.

15 ദിവസങ്ങള്‍ക്ക് മുമ്പ് വിവാഹം നടന്ന അതേ പള്ളിയിലാണ് അവസാന യാത്രയ്ക്കായി അവരെത്തുന്നത്. നാലു പേരുടെയും ഇടവക ദേവാലയം. കുട്ടിക്കാലം മുതലുള്ള ഓർമകള്‍ ഉറങ്ങുന്നിടം. ഏറെ കാലത്തെ പ്രണയത്തിനൊടുവില്‍ ഏവരുടെയും അനുഗ്രഹത്തോടെ നിഖിലിന്റെ കൈപിടിച്ച്‌ അനു ആ ദേവാലയത്തിലായിരുന്നപ്പോള്‍ ഇരുവരും കുടുംബവും ഒന്നാകെ സന്തോഷകരമായ ജീവിതം ആശംസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തിരിക്കണം.

വളരെ പുതിയ വളരെ പഴയ