കൊല്ലം: വിസ്മയ കേസിലെ പ്രതി കിരണ്‍ കുമാറിന് പരോള്‍ അനുവദിച്ച് ജയില്‍ വകുപ്പ്. ആദ്യം നല്‍കിയ അപേക്ഷയില്‍ പോലീസ് റിപ്പോർട്ടും പ്രൊബേഷൻ റിപ്പോർട്ടും കിരണിന് എതിരായിരുന്നു.
അതിനുശേഷം രണ്ടാമത് നല്‍കിയ അപേക്ഷയില്‍ പ്രൊബേഷൻ റിപ്പോർട്ട് അനുകൂലമായപ്പോള്‍ പോലീസ് റിപ്പോർട്ട് പ്രതികൂലമായും വന്നു. പിന്നീട് അപേക്ഷ ജയില്‍ മേധാവി പരിഗണിക്കുകയും 30 ദിവസത്തെ പരോള്‍ അനുവദിക്കുകയും ആയിരുന്നു. പത്തുവർഷത്തെ തടവാണ് കിരണിന് കൊല്ലം ഒന്നാം അഡീഷണല്‍ സെഷൻസ് കോടതി വിധിച്ചത്.
കടുത്ത നിബന്ധനകളോടെയാണ് കിരണിന് പരോള്‍ അനുവദിച്ചിരിക്കുന്നത്. കേസിലെ സാക്ഷികളെ കാണാൻ പാടില്ല, വിസ്മയയുടെ വീടിന്റെ പരിസരത്ത് പോകാൻ പാടില്ല തുടങ്ങിയ നിബന്ധനങ്ങളോടെയാണ് പരോള്‍ അനുവദിച്ചിരിക്കുന്നത്.
സ്ത്രീധന മരണം, സ്ത്രീധന പീഡനം, ആത്മഹത്യാ പ്രേരണ, ഉപദ്രവിക്കല്‍, ഭീഷണിപ്പെടുത്തല്‍, സ്ത്രീധനം ആവശ്യപ്പെടല്‍ എന്നീ കുറ്റങ്ങളാണ് കിരണിനെതിരെ തെളിഞ്ഞതോടെയാണ് ശിക്ഷ വിധിച്ചത്.
ആത്മഹത്യയിലേക്ക് തള്ളി വിടുകയെന്ന ലക്ഷ്യത്തോടെ കിരണ്‍ വിസ്മയയെ നിരന്തരം പീഡിപ്പിച്ചുവെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്.
2021 ജൂണ്‍ 21നാണ് വിസ്മയയെ അസി. മോട്ടോർ വെഹിക്കിള്‍ ഇൻസ്‌പെക്ടറായിരുന്ന കിരണ്‍ കുമാറിന്റെ വീടായ പോരുവഴി അമ്പലത്തുംഭാഗം ചന്ദ്ര വിലാസത്തിലെ കിടപ്പുമുറിയോട് ചേർന്നുള്ള ടോയ്‌ലെറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
പീഡനങ്ങളെക്കുറിച്ച് വിസ്മയ സഹപാഠിക്കും സഹോദര ഭാര്യയ്ക്കും അയച്ച വാട്സ്‌ആപ്പ് സന്ദേശങ്ങളും ചിത്രങ്ങളും പുറത്തു വന്നിരുന്നു. വിസ്മയയെ ആശുപത്രിയില്‍ എത്തിച്ച ശേഷം ഒളിവില്‍ പോയ കിരണ്‍ കുമാർ ശാസ്താംകോട്ട സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു.
കിരണിനെ പിന്നീട് സർവീസില്‍ നിന്ന് പിരിച്ചു വിട്ടു. ഐ.ജി ഹർഷിത അട്ടല്ലൂരിയുടെ മേല്‍നോട്ടത്തില്‍ 90 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു.
വിചാരണ അന്തിമ ഘട്ടത്തിലെത്തിയിരുന്ന സാഹചര്യത്തില്‍ സുപ്രീം കോടതി ഒരു മാസം മുമ്പ് കിരണിന് ജാമ്യം അനുവദിച്ചിരുന്നു.
വീട്ടില്‍ വച്ചുള്ള ആക്രമണങ്ങള്‍ക്ക് പുറമേ 2020 ആഗസ്റ്റ് 29ന് ചിറ്റുമലയില്‍ പൊതു ജന മദ്ധ്യത്തിലും 2021 ജനുവരി 3ന് വിസ്മയയുടെ നിലമേലുള്ള വീട്ടില്‍ വച്ചും കാർ മാറ്റി നല്‍കണമെന്ന് പറഞ്ഞ് കിരണ്‍ കുമാർ പ്രശ്നം ഉണ്ടാക്കിയെന്ന് സാക്ഷി മൊഴികളുണ്ട്.
സ്ത്രീ ധന തർക്കം സംബന്ധിച്ച ഫോണ്‍ സംഭാഷണങ്ങളും കോടതി തെളിവായി സ്വീകരിച്ചിട്ടുണ്ട്.