Zygo-Ad

വളപട്ടണത്തെ മോഷണം: ലോക്കര്‍ തുറന്നത് സാങ്കേതികവിദ്യ അറിയുന്നയാള്‍, 113 സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണ് അന്വേഷണ സംഘം

 


കണ്ണൂർ: വളപട്ടണത്ത് വ്യാപാരിയുടെ വീട്ടില്‍ നിന്ന് ഒരു കോടി രൂപയും 300 പവനും കവർന്ന സംഭവം ലോക്കർ തുറന്നത് കൃത്യമായ അറിവുള്ളയാള്‍.

സ്വര്‍ണവും പണവും സൂക്ഷിച്ച ലോക്കറിന്റ താക്കോല്‍ മറ്റൊരു ഷെല്‍ഫില്‍ വെച്ച്‌ പൂട്ടിയതായിരുന്നു. ഇതിന്റെ താക്കോല്‍ മറ്റൊരിടത്ത് വച്ചു. ഈ താക്കോലെടുത്താണ് ഷെല്‍ഫ് തുറന്ന് താക്കോലെടുത്ത് ലോക്കര്‍ തുറന്നത്. മരം കൊണ്ടുള്ള അലമാരയ്ക്കകത്താണ് ലോക്കര്‍. ലോക്കറിന് ഒരു കേടും വരാതെയാണ് മോഷണം നടത്തിയത്. 

വീടിനെക്കുറിച്ചും മര അലമാരയ്ക്കകത്ത് സ്ഥാപിച്ച ലോക്കറിനെക്കുറിച്ചും വ്യക്തമായി അറിയാവുന്നവരാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്ന നിലപാടിലാണ് അന്വേഷണ സംഘം. ഈ സാങ്കേതിക വിദ്യ അറിയുന്നയാള്‍ക്കു മാത്രമേ ലോക്കര്‍ തുറക്കാന്‍ സാധിക്കുകയുള്ളൂ. ലോക്കറിന്റെ സാങ്കേതിക വിദ്യയെയും സര്‍വീസ് രീതികളെയും പറ്റി ആരെങ്കിലും സ്ഥാപനത്തില്‍ ബന്ധപ്പെട്ടിരുന്നുവോയെന്ന കാര്യവും അന്വേഷണ സഘം പരിശോധിച്ചു. 

അതേ സമയം പ്രതികളെ കുറിച്ച്‌ ഇതുവരെ സൂചനയൊന്നും ലഭിച്ചില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്. കവര്‍ച്ച നടന്ന വീട്ടില്‍ നിന്ന് ലഭിച്ച വിരലടയാളവും പ്രദേശത്തു നിന്ന് ശേഖരിച്ച 113 സി.സി.ടി.വി. ദൃശ്യങ്ങളുടെ പകര്‍പ്പും പരിശോധിച്ച്‌ വരികയാണ്.

ഇതിനിടെ, കേസില്‍ നിർണായക തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. കവർച്ച നടന്നതിന് തൊട്ടടുത്ത ദിവസവും കള്ളൻ ഇതേ വീട്ടിലെത്തി. സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്. രണ്ടാം ദിവസവും വീട്ടില്‍ ആള്‍ ഉണ്ടാകില്ലെന്ന് അറിഞ്ഞാണ് മോഷ്ടാവ് എത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 

മോഷണത്തിന് പിന്നില്‍ വീട്ടുകാരെ നേരിട്ട് അറിയുന്നവർ ഉണ്ടെന്ന് സംശയം. കേസില്‍ അന്വേഷണം മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചു. കർണാടകയിലും തമിഴ്നാട്ടിലുമാണിപ്പോള്‍ അന്വേഷണം നടക്കുന്നത്. 

രണ്ട് ദിവസങ്ങളില്‍ വീട്ടിനകത്ത് കയറി മോഷണം നടത്തിയത് ഒരാള്‍ ആണെങ്കിലും ഇയാള്‍ക്ക് കൃത്യമായ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം. വീട്ടീന് അകത്ത് നിന്ന് ലഭിച്ച ഉളിയും 16 കൈ വിരല്‍ അടയാളങ്ങളും കേസില്‍ നിർണായകമാണെന്ന് അന്വേഷണ സംഘം വിലയിരുത്തുന്നു.

വീട്ടിനുള്ളിലെ മറ്റൊന്നും നശിപ്പിക്കാത്തതും അലമാരകള്‍ മാത്രം കൊള്ളയടിച്ച സാഹചര്യത്തിലാണ് സംഭവം ആസൂത്രിതമെന്ന സംശയം ബലപ്പെടുത്തുന്നത്. മൂന്നു മോഷ്ടാക്കള്‍ മതില്‍ ചാടി വീട്ടുവളപ്പിലേക്ക് കടക്കുന്നത് സി.സി.ടി.വി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്. 

മന്ന സ്വദേശിയായ അരി വ്യാപാരി അഷ്റഫിന്റെ വീട്ടില്‍ നിന്നാണ് ഒരു കോടി രൂപയും 1.70 കോടി വില വരുന്ന 300 പവനും കഴിഞ്ഞ ദിവസം മോഷണം പോയത്. നവംബർ 19ന് മധുരയില്‍ വിവാഹത്തില്‍ പങ്കെടുക്കാൻ പോയ അഷ്റഫും കുടുംബവും ഞായറാഴ്ച രാത്രി തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. 

മുഖം മറച്ച നിലയിലാണ് മോഷ്ടാക്കള്‍ എത്തിയത്. വീട്ടിലെ ലോക്കറിന് മുകളില്‍ മരത്തിന്റെ മറ്റൊരു അറ നിർമിച്ചാണ് സ്വർണവും പണവും സൂക്ഷിച്ചത്. താക്കോല്‍ മറ്റൊരു അലമാരയിലും അതിന്റെ താക്കോല്‍ വേറൊരു മുറിയിലെ അലമാരയിലുമാണ് സൂക്ഷിച്ചിരുന്നത്. 

ഈ രണ്ട് അലമാരകളും തുറന്നാണ് ലോക്കറിന്റെ താക്കോല്‍ എടുത്തിരിക്കുന്നത്. ലോക്കറും താക്കോലുകളും സൂക്ഷിച്ച സ്ഥലം കൃത്യമായി മനസ്സിലാക്കിയാണ് കവർച്ച. അഷ്റഫും കുടുംബവും യാത്ര പോയ ദിവസം രാത്രി തന്നെ മോഷ്ടാക്കള്‍ എത്തിയെന്നാണ് വിവരം. 

അടുക്കള ഭാഗത്തെ ജനല്‍ക്കമ്പി അടര്‍ത്തിയെടുത്താണ് അകത്തു കയറിയത്. മോഷണ ശേഷം പ്രതികള്‍ വളപട്ടണം റെയില്‍വേ സ്റ്റേഷൻ വഴി കടന്നു കളഞ്ഞതായി സംശയിക്കുന്നു. വീടിനടുത്തെ ചെറിയ റോഡിലൂടെ മണംപിടിച്ച്‌ ഓടിയ പൊലീസ് നായ് ഒരു കിലോ മീറ്ററോളം സഞ്ചരിച്ച്‌ വളപട്ടണം റെയില്‍വേ സ്റ്റേഷനിലെത്തി നിന്നു. ചുരുക്കം ട്രെയിനുകള്‍ മാത്രം നിർത്തുന്ന ചെറിയ റെയില്‍വേ സ്റ്റേഷനില്‍ സി.സി.ടി.വി ക്യാമറകളില്ലാത്തത് തിരിച്ചടിയാണ്. 

കണ്ണൂർ റൂറല്‍ എസ്.പി അനൂജ് പാലിവാലിന്റെ നേതൃത്വത്തില്‍ പൊലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും വീടും പരിസരവും പരിശോധിച്ചു. സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ചു. വളപട്ടണം ഇൻസ്പെക്ടർ ടി.പി. സുമേഷിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

വളരെ പുതിയ വളരെ പഴയ