അധ്യാപകനെ പിരിച്ചുവിട്ടത് നിയമാനുസൃതമെന്ന് ലോ കോളേജ് മേധാവിയുടെ വിശദീകരണം

 


കണ്ണൂർ: സ്കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസ് മഞ്ചേശ്വരം കാമ്പസിലെ താത്കാലിക അധ്യാപകനെ പിരിച്ചുവിട്ടത് നിയമാനുസൃതമാണെന്ന് സെന്‍റർ ഫോർ ലീഗല്‍ സ്റ്റഡീസ് മഞ്ചേശ്വരം കാമ്പസ് മേധാവി കണ്ണൂർ സർവകലാശാല രജിസ്ട്രാറെ അറിയിച്ചു.

യുജിസി യോഗ്യതയുള്ള അധ്യാപകരെ നിയമിക്കുന്നതിന്‍റെ ഭാഗമായാണു താത്കാലിക അധ്യാപകനായ ഷെറിൻ സി. ഏബ്രഹാമിനെ ഒഴിവാക്കിയതെന്നും കോളജ് പറയുന്നു.

യുജിസി യോഗ്യതയുള്ള അധ്യാപകരെ പാലയാട്, മഞ്ചേശ്വരം നിയമപഠന വകുപ്പുകളിലേക്കു ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനു പത്രപ്പരസ്യം നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഒക്‌ടോബർ 19ന് പാലയാട് കാമ്പസില്‍ അഭിമുഖം നടത്തുകയും ചെയ്തു. 

അഭിമുഖത്തില്‍ യോഗ്യതയുള്ള രണ്ടു പേരാണു ഹാജരായത്. അതില്‍ ഒന്നാം റാങ്ക് കിട്ടിയ ഒരാള്‍ക്ക് വരാൻ സാധിക്കാത്തതിനാല്‍ രണ്ടാം റാങ്ക് കിട്ടിയ ആളെ നിയമിക്കുകയും നവംബർ നാലു മുതല്‍ ജോയിൻ ചെയ്യാൻ ആവശ്യപ്പെടുകയുമായിരുന്നു. 

ഇതിന്‍റെ അടിസ്ഥാനത്തില്‍ മഞ്ചേശ്വരം കാമ്പസില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ആദ്യം ജോയിൻ ചെയ്ത ഷെറിൻ സി. ഏബ്രഹാമിനെ ഒഴിവാക്കുകയായിരുന്നുവെന്നാണു ഡിപ്പാർട്ട്മെന്‍റ് മേധാവി രജിസ്ട്രാർക്ക് നല്‍ കിയ നിർദേശത്തിലുള്ളത്. 

എന്നാല്‍, എഡിഎം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് ചോദ്യം തയാറാക്കിയ സംഭവത്തിലാണ് അധ്യാപകനെ പിരിച്ചു വിട്ടെന്നാണ് സർവകലാശാല സെനറ്റേഴ്സ് ഫോറം പറയുന്നത്.

വളരെ പുതിയ വളരെ പഴയ