Zygo-Ad

ബ്രേസ്‍ലറ്റുകള്‍ നിക്ഷേപിച്ചത് തൃശൂരിലെ ക്ഷേത്ര ഭണ്ഡാരത്തില്‍; കവര്‍ച്ചക്കുശേഷം പ്രതികള്‍ പോയത് മിഥുന്റെ വീട്ടിലേക്ക്

 


പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയില്‍ ജ്വല്ലറി ഉടമകളില്‍ നിന്ന് കവർന്ന സ്വർണാഭരണങ്ങളില്‍ കരിമണി മാലയുടെ മാതൃകയിലുള്ള ബ്രേസ്‍ലറ്റുകളും പൊലീസ് കണ്ടെത്തി.

കവർച്ചക്കു ശേഷം ഇത് തൃശൂർ ജില്ലയിലെ ഒരു ക്ഷേത്ര ഭണ്ഡാരത്തിലാണിട്ടിരുന്നത്. 

കസ്റ്റഡിയില്‍ വാങ്ങിയ പ്രതികളുമായി പൊലീസ് തൃശൂരിലെത്തിയാണ് ക്ഷേത്രം അധികൃതരെ അറിയിച്ച്‌ ഭണ്ഡാരത്തില്‍ നിന്ന് തൊണ്ടി മുതല്‍ കണ്ടെത്തിയത്. 

സ്വർണം വിറ്റ പ്രതി ലിസണ്‍ ജ്വല്ലറി ജീവനക്കാരനായിരുന്നു. ഇയാളുടെ വീട്ടിലാണ് സ്വർണം വിറ്റ പണം സൂക്ഷിച്ചിരുന്നത്. മിഥുൻ, സതീഷ്, ലിസണ്‍ എന്നിവരില്‍ നിന്നാണ് തൊണ്ടിമുതല്‍ കണ്ടെത്തിയത്. കവർന്ന സ്വർണം ഉരുക്കി ഏഴ് കട്ടികളാക്കി നാലെണ്ണം മിഥുന്റെ വീട്ടിലും മൂന്നെണ്ണം ലിസണിന്റെ കൈവശം വില്‍ക്കാൻ നല്‍കിയ നിലയിലുമായിരുന്നു. അതിലൊന്ന് വിറ്റിരുന്നു. രണ്ടെണ്ണമാണ് കണ്ടെടുത്തത്.

ജ്വല്ലറി ഉടമകളെക്കുറിച്ച്‌ വിവരം നല്‍കിയ താമരശേരി സ്വദേശികളായ അനസിന്റെ പേരില്‍ 15 കേസും ശിഹാബിന്റെ പേരില്‍ 22 കേസുമുണ്ട്. കണ്ണൂർ സ്വദേശികളായ നിജില്‍രാജ്, പ്രഭിൻരാജ് എന്നിവരാണ് ജ്വല്ലറി കവർച്ചക്കായി ഒമാനില്‍ നിന്ന് എത്തിയത്. ഇവരുടെ പേരില്‍ നിലവില്‍ വേറെ കേസുകളില്ല. അജിത്താണ് ഇവരെ വിളിച്ചു വരുത്തിയത്. 

കവർച്ചക്കു ശേഷം പ്രതികള്‍ മിഥുന്റെ വീട്ടിലേക്കാണ് പോയത്. മുഴുവൻ സ്വർണവും ഉരുക്കിയ ശേഷം വിറ്റ് പണമാക്കി വീതം വെക്കലായിരുന്നു ലക്ഷ്യം. ഉരുക്കാനുള്ള സ്വർണം സതീഷിനെയാണ് ഏല്‍പ്പിച്ചിരുന്നത്. ഉരുക്കാൻ തുടങ്ങും മുമ്പു തന്നെ ആദ്യ നാല് പ്രതികളെയും പിന്നീട് മറ്റു പ്രതികളെയും പൊലീസ് വലയിലാക്കി. 

സംഘത്തില്‍ ബാലഭാസ്കറിന്റെ ഡ്രൈവറും

സ്വർണക്കവർച്ച പ്രതികളിലൊരാള്‍ വാഹനാപകടത്തില്‍ മരിച്ച വയലിനിസ്റ്റ് ബാലഭാസ്കറിന്റെ ഡ്രൈവർ. ബാലഭാസ്കർ മരിക്കുമ്പോള്‍ വാഹനമോടിച്ചതായി പറയുന്ന തൃശൂർ പാട്ടുറക്കല്‍ കുറിയേടത്ത് മനയില്‍ അർജുൻ നാരായണാണ് ജ്വല്ലറി ഉടമകളെ ആക്രമിച്ച്‌ സ്വർണം കവർന്ന സംഭവത്തിലും പ്രതിയായത്. ഒമ്പതംഗ സംഘത്തിലെ അഞ്ചു പേരെ മറ്റൊരു വാഹനത്തിലെത്തി കൂട്ടിക്കൊണ്ടു പോയത് ഇയാളാണെന്ന് പൊലീസ് പറയുന്നു. അർജുൻ നാരായണിന്റെ പേരില്‍ 2016ലും 2018ലും രണ്ട് കേസുകളുണ്ട്.

വളരെ പുതിയ വളരെ പഴയ