തിരുവനന്തപുരം: പൊതു പരീക്ഷാ ടൈം ടേബിള്‍ മന്ത്രി വി. ശിവൻ കുട്ടി പ്രഖ്യാപിച്ചതിനു പിന്നാലെ ഹയർസെക്കൻഡറി പരീക്ഷയെച്ചൊല്ലി വിവാദം.
മുൻകാലങ്ങളില്‍ നിന്നു വ്യത്യസ്തമായി ഈ വർഷം ഉച്ചയ്ക്കു ശേഷമാണ് പരീക്ഷയുടെ സമയക്രമം. പരീക്ഷ നടക്കുന്ന മാർച്ചില്‍ റംസാൻ വ്രതമുണ്ടെന്നതു പരിഗണിക്കാതെയാണ് പൊതു വിദ്യാഭ്യാസ വകുപ്പ് ടൈം ടേബിള്‍ നിശ്ചയിച്ചതെന്ന വിമർശനവുമായി അധ്യാപക സംഘടനകള്‍ രംഗത്തെത്തി. ഇതിനു പുറമേ, ശനിയാഴ്ചകളില്‍ പരീക്ഷ ക്രമീകരിച്ചതിലും എതിർപ്പ് ശക്തമായി.
മാർച്ച് ആദ്യവാരം റംസാൻ വ്രതം ആരംഭിക്കുമെന്നതിനാല്‍ ഉച്ചയ്ക്കു ശേഷം മൂന്നു മണിക്കൂർ പരീക്ഷയെഴുതേണ്ടി വരുന്നത് നോമ്പ് ആചരിക്കുന്ന ഹയർ സെക്കൻഡറി വിദ്യാർഥികള്‍ക്ക് പ്രയാസമുണ്ടാക്കുമെന്ന് എച്ച്.എസ്.എസ്.ടി.എ. ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ദേശീയ മത്സര പരീക്ഷകളുടെ റാങ്കിങ്ങിന് ഹയർ സെക്കൻഡറി മാർക്ക് പരിഗണിക്കുന്നതിനാല്‍ കുട്ടികള്‍ക്ക് മികച്ച രീതിയില്‍ പരീക്ഷയെഴുതാൻ സാഹചര്യമൊരുക്കുന്ന രീതിയിൽ ടൈം ടേബിള്‍ പുനഃക്രമീകരി ക്കണമെന്ന് പ്രസിഡൻ്റ് കെ. വെങ്കിടമൂർത്തി ആവശ്യപ്പെട്ടു. ഒരേ ദിവസം ഒട്ടേറെ വിഷയങ്ങളില്‍ പരീക്ഷ നടക്കുന്ന ഹയർ സെക്കൻഡറി ടൈം ടേബിള്‍ അശാസ്ത്രീയമാണെന്ന് എ.എച്ച്.എസ്.ടി.എ. പ്രസിഡന്റ് ആർ. അരുണ്‍കുമാർ പറഞ്ഞു.
മുൻ വർഷങ്ങളില്‍ പത്തു ദിവസമായിരുന്നെങ്കില്‍ ഇത്തവണ 17 ദിവസമാണ് ഹയർ സെക്കൻഡറി പരീക്ഷ. മൂന്നു ശനിയാഴ്ചകളും പരീക്ഷയുണ്ട്. ഇതിനു പുറമേ, തിങ്കള്‍ മുതല്‍ ശനി വരെ ആറു ദിവസം തുടർച്ചയായി പരീക്ഷ നടത്തുന്നതും അധ്യാപകർ ചൂണ്ടിക്കാട്ടി. എന്നാല്‍, വാർഷിക പരീക്ഷയൊപ്പം ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷകള്‍ കൂടി നടക്കുന്നതിനാല്‍ ഹയർ സെക്കൻഡറിക്ക് മതിയായ ക്ലാസ്മുറികളും ഇൻവിജിലേറ്റർമാരുടെ സേവനവും ഉറപ്പാക്കാനാണ് ഇപ്പോഴത്തെ ടൈം ടേബിളെന്നാണ് ഔദ്യോഗിക വിശദീകരണം.
പരീക്ഷാ സമയ പ്രഖ്യാപനത്തിനു പിന്നാലെ എസ്.എസ്.എല്‍.സി. പരീക്ഷയ്ക്കു വേണ്ടിയുള്ള മുന്നൊരുക്കങ്ങള്‍ തുടങ്ങി. 4.28 ലക്ഷം വിദ്യാർഥികളാണ് ഇത്തവണയുള്ളത്. രജിസ്ട്രേഷൻ പൂർത്തിയായതിനു ശേഷം കേന്ദ്രങ്ങള്‍ നിശ്ചയിക്കും. ഉത്തരക്കടലാസുകളുടെ വിതരണം തുടങ്ങി.
ഐ.ടി. മോഡല്‍ പരീക്ഷ - ജനുവരി 20 മുതല്‍ 30 വരെ.
ഐ.ടി. പൊതു പരീക്ഷ -ഫെബ്രുവരി ഒന്നു മുതല്‍ 14 വരെ
മോഡല്‍ പരീക്ഷ -ഫെബ്രുവരി 17 മുതല്‍ 21 വരെ
പൊതു പരീക്ഷ -മാർച്ച് മൂന്നു മുതല്‍ 26വരെ (രാവിലെ 9.30 മുതല്‍ 12.15വരെ)
ഉത്തരക്കടലാസ് മൂല്യ നിർണ്ണയം (72 ക്യാമ്പുകള്‍) - ഏപ്രില്‍ എട്ടു മുതല്‍ 28 വരെ
ഫല പ്രഖ്യാപനം -മേയ് മൂന്നാം വാരം.
ഹയർ സെക്കൻഡറി
3.87 ലക്ഷം വിദ്യാർഥികളാണ് ഒന്നാം വർഷത്തിലുള്ളത്. 3.84 ലക്ഷം വിദ്യാർഥികളാണ് രണ്ടാം വർഷത്തിലുള്ളത്. ഒന്നാം വർഷം പൊതു പരീക്ഷ മാർച്ച് ആറിന് തുടങ്ങി 29 വരെ (എല്ലാ പരീക്ഷകളും ആരംഭിക്കുന്നത് ഉച്ചയ്ക്ക് ശേഷമാണ്). രണ്ടാം വർഷം പൊതു പരീക്ഷ മാർച്ച് മൂന്നു മുതല്‍ 26 വരെ (എല്ലാ പരീക്ഷകളും ആരംഭിക്കുന്നത് ഉച്ചയ്ക്ക് ശേഷമാണ്).
2024-ല്‍ നടന്ന ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷയുടെ ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷകള്‍ ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷകള്‍ രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷയോടൊപ്പം അതേ ടൈം ടേബിളിലാണ് നടത്തുക. ഏപ്രില്‍ 11-ന് ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷകളുടെ മൂല്യ നിർണയമാണ് ആദ്യം തുടങ്ങുക.
അതിനു ശേഷം രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷകളുടെ മൂല്യ നിർണയവും തുടർന്ന് ഒന്നാംവർഷ ഹയർ സെക്കൻഡറി പരീക്ഷകളുടെ മൂല്യ നിർണയവും നടക്കും.
