പയ്യന്നൂര്‍ പുതിയ ബസ് സ്റ്റാൻഡ് യാഥാർത്ഥ്യത്തിലേക്ക്


പയ്യന്നൂർ: ഒടുവില്‍ പയ്യന്നൂർ പുതിയ ബസ് സ്റ്റാൻഡ് യാഥാർത്ഥ്യത്തിലേക്ക്. സർക്കാറില്‍നിന്ന് സാങ്കേതികാനുമതി ലഭിച്ചതോടെ കാല്‍ നൂറ്റാണ്ടിലധികമുള്ള പയ്യന്നൂരിന്‍റെ കാത്തിരിപ്പിനാണ് വിരാമമാകുന്നത്.

ബസ് സ്റ്റാൻഡിന് ഹഡ്കോയില്‍നിന്ന് നാലര കോടി രൂപ വായ്പയെടുക്കാനും പ്രവൃത്തി ഊരാളുങ്കല്‍ സൊസൈറ്റിക്ക് നല്‍കാനും നേരത്തേ അനുമതി ലഭിച്ചിരുന്നു. സങ്കേതികാനുമതി കൂടി ലഭ്യമായതോടെ പ്രവൃത്തിക്ക് തുടക്കം കുറിക്കാനുള്ള തയാറെടുപ്പിലാണ് നഗരസഭ. 

അനുദിനം വികസിച്ചുവരുന്ന പയ്യന്നൂരില്‍ യാത്രക്കാർക്കും മറ്റ് വാഹനങ്ങള്‍ക്കും സൗകര്യത്തിന് വേണ്ടി പുതിയൊരു ബസ് സ്റ്റാൻഡെന്ന ആശയമുണ്ടായത് 27 വർഷം മുമ്പായിരുന്നു. ഇതിനായി സ്ഥലം കണ്ടെത്താനുള്ള അന്വേഷണത്തിനിടെ കുഞ്ഞിമംഗലത്തെ എമ്മൻ രാഘവനെന്നയാള്‍ സ്ഥലം സൗജന്യമായി നല്‍കി. 1997ല്‍ മൂന്നര ഏക്കർ സ്ഥലം മുനിസിപ്പല്‍ സെക്രട്ടറിയുടെ പേരില്‍ രാഘവൻ രജിസ്റ്റർ ചെയ്തു നല്‍കി. ഇപ്പോഴത്തെ നഗരസഭ ഓഫീസ് കെട്ടിടത്തിനടുത്തു നിന്ന് രണ്ടുകിലോ മീറ്ററോളം തെക്കു മാറിയാണ് ഈ സ്ഥലം. 

പണം നല്‍കാതെ സ്ഥലം കിട്ടിയതോടെ സ്റ്റാൻഡ് വേഗത്തില്‍ തന്നെ യാഥാർഥ്യമാക്കുന്ന ശ്രമത്തിനിടെ കോണ്‍ഗ്രസ് നേതാവ് എ.പി. നാരായണൻ വിജിലൻസില്‍ പരാതി നല്‍കി. ബസ് സ്റ്റാൻഡിന് അനുയോജ്യമല്ലാത്ത സ്ഥലമെന്ന നിലയില്‍ അന്ന് ഒട്ടേറെ പരാതികളുമുയർന്നു. പിന്നീട് വിജിലൻസില്‍ നല്‍കിയ പരാതി പിൻവലിച്ചതോടെ നിർമാണ പ്രവർത്തനം പുനരാരംഭിച്ചു. എന്നാല്‍, പിന്നീട് അതും നിലച്ചു. സ്ഥലം ഏറ്റെടുത്തശേഷമുള്ള വർഷങ്ങളിലെല്ലാം നഗരസഭ ബജറ്റില്‍ പുതിയ ബസ് സ്റ്റാൻഡിനു വേണ്ടി തുക വകയിരുത്തുന്നതിന് ഒരു കുറവുമില്ല. പക്ഷേ, പണിമാത്രം നടന്നില്ല. കഴിഞ്ഞ ബജറ്റിലും ബസ് സ്റ്റാൻഡിന് അഞ്ചു കോടി രൂപ നീക്കിവെച്ചു. 

തുക ഹഡ്കോയില്‍നിന്ന് വായ്പയെടുത്ത്, ഊരാളുങ്കല്‍ സൊസൈറ്റിയെ നിർമാണ പ്രവൃത്തി ഏല്‍പിക്കാൻ നഗരസഭ തീരുമാനിച്ചിരുന്നതായി ബജറ്റവതരണ വേളയില്‍ നഗരസഭ അധ്യക്ഷ കെ.വി. ലളിത വ്യക്തമാക്കി. ഹഡ്കോ വായ്പ നല്‍കാൻ തയാറാവുകയും ചെയ്തു. ഇതിന്‍റെ അംഗീകാരത്തിനായി സർക്കാറിലേക്ക് അപേക്ഷ നല്‍കുകയും അനുമതി ലഭിക്കുകയും ചെയ്തു. ഇതിനു തുടർച്ചയായാണ് സാങ്കേതികാനുമതി കൂടി ലഭിച്ചത്. വർഷങ്ങള്‍ക്ക് മുമ്ബ് നിർദിഷ്ട ബസ് സ്റ്റാൻഡ് സ്ഥലത്ത് വലിയൊരു ഷെഡ് ഷീറ്റിട്ട് നിർമിച്ചതൊഴിച്ചാല്‍ ഇത്രയും കാലമായിട്ടും മറ്റ് പണികളൊന്നും നടന്നിട്ടില്ല. 

ആയതിനാൽ രാത്രിയുടെ മറവില്‍ മാലിന്യവും കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളും മറ്റും കൊണ്ടു തള്ളാനുള്ള ഒരിടമായി ഇവിടം മാറി.

ഇതിനു പുറമെ സാമൂഹിക ദ്രോഹികളുടെയും മദ്യപാനികളുടെയും വിളയാട്ട കേന്ദ്രവുമാണീസ്ഥലം. മുമ്പ് പഴയ ബസ് സ്റ്റാൻഡ് നവീകരണ വേളയില്‍ ബസുകള്‍ വന്നു തിരിച്ചു പോകുന്നതിന് ഒരുക്കിയ സൗകര്യമാണ് ഇപ്പോഴറിയപ്പെടുന്ന പുതിയ ബസ് സ്റ്റാൻഡ്. പഴയ സ്റ്റാൻഡ് പ്രവൃത്തി പൂർത്തിയായിട്ടും പഴയ സംവിധാനം പുനഃസ്ഥാപിച്ചില്ല. കണ്ണൂർ, കാഞ്ഞങ്ങാട്, കാസർകോട് തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ദീർഘദൂര ബസുകള്‍ ഇപ്പോള്‍ ടൗണിലേക്ക് വരാറില്ല. നഗരസഭ ഓഫീസിന് മുന്നിലെ ഒരു കെട്ടിടത്തിന് വലം വെച്ച്‌ പോകുന്ന സംവിധാനമാണിപ്പോഴും. 

ഇതിനിടയില്‍ പുതിയ ബസ് സ്റ്റാൻഡ് നിർമാണം അനിശ്ചിതമായി നീണ്ടുപോകുന്നതിനെതിരെ സ്ഥലം നല്‍കിയ വ്യക്തി മൂന്നു വർഷം മുമ്പ് ഹൈകോടതിയെ സമീപിച്ചിരുന്നു. എത്രയും വേഗം പണിപൂർത്തിയാക്കാൻ കോടതി നിർദേശം നല്‍കി. ഇതും ചുവപ്പുനാടയുടെ കുരുക്കഴിക്കാൻ പ്രയോജനമായി.

വളരെ പുതിയ വളരെ പഴയ