കണ്ണൂർ : കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ വിശ്രമുറിയിൽ നിന്ന് മോഷ്ടിച്ച ഫോൺ ലൊക്കേഷൻ പിന്തുടർന്നപ്പോൾ എത്തിയത് കടലിലെ ബോട്ടിൽ. മോഷ്ടാവിനെ കാത്ത് പോലീസ് കരയിൽ നേരം പുലരുവോളം കാത്തുനിന്നു. ബോട്ടുകൾ കരയ്ക്കടുത്തപ്പോൾ ആളെ കിട്ടിയില്ല. പിന്നീട് ലൊക്കേഷൻ പിടിച്ച് നടത്തിയ അന്വേഷണത്തിൽ മൊബൈൽഫോൺ ക്വാട്ടേഴ്‌സിലെ ബക്കറ്റിൽ നിന്ന് കണ്ടെത്തി. സേലം കള്ളക്കുറിച്ചി ശങ്കരപുരം സ്വദേശി പിടിയിലായി. റെയിൽവേ പേലീസ് സ്‌ക്വാഡ് ഡ്യൂട്ടിയിലെ ബിബിൻ മാത്യുവും സംഘവുമാണ് പിടിച്ചത്.
തിങ്കളാഴ്ച വൈകീട്ട് ആറുമണിക്കായിരുന്നു സംഭവം. റെയിൽവേ സ്റ്റേഷനിൽ കണ്ണൂർ-യശ്വന്ത്പുർ വണ്ടിക്ക് പോകാനായി ഇരിക്കുകയായിരുന്നു ചിറക്കൽ സ്വദേശികളായ കുടുംബം. ഇതിനിടയിൽ ഇവരുടെ മൊബൈൽ കാണാതായി. ഉടൻ റെയിൽവേ പോലീസിൽ അറിയിച്ചു. റെയിൽവേ പോലീസ് കോഴിക്കോട് ഇൻസ്‌പെക്ടർ സുധീർ മനോഹർ, കണ്ണൂർ എസ്.ഐ. പി. വിജേഷിന്റെ നിർദേശപ്രകാരം അന്വേഷണം തുടങ്ങി.
ഫോൺ നമ്പർ ലൊക്കേഷൻ നോക്കി പിൻതുടർന്നപ്പോൾ മോഷ്ടാവ് മാഹി ബീച്ചിനരികെയുള്ള ലൊക്കേഷൻ കാണിച്ചു. പിന്നീട് കടലിലെ ബോട്ടിലാണ് കാണിച്ചത്. മാഹി തീരദേശ പോലീസിന്റെ സഹായത്തോടെ അന്വേഷണം തുടങ്ങി. ഒരു രാത്രി മുഴുവൻ കരയിൽ കാത്തുനിന്നു. ആളെ കിട്ടിയില്ല. പിന്നീട് ലൊക്കേഷൻ കരയിൽ കാണിച്ചു. പോലീസ് വാടക ക്വാട്ടേഴ്‌സിലെത്തി. വീട്ടിൽ കയറി പരിശോധിച്ചപ്പോൾ ബക്കറ്റിൽ ഫോൺ ഒളിപ്പിച്ചത് കണ്ടെത്തി. ഫോൺ മാഹി പോലീസ് റെയിൽവേ പോലീസിന് കൈമാറി. കുടുംബം പരാതി നൽകിയെങ്കിലും കേസ് എടുക്കേണ്ട എന്ന് കുടുംബം അറിയിച്ചതിനാൽ താക്കീത് ചെയ്ത് വിട്ടു.