രാവിലെ ലൈസന്‍സ് കിട്ടി, കൂട്ടൂകാര്‍ക്കൊപ്പം ആഘോഷം; പിന്നാലെ സസ്‌പെന്‍ഷന്‍


 കൊച്ചി: ഡ്രൈവിങ് ലൈസന്‍സ് കിട്ടിയതിന്റെ ആഘോഷം അതിരുകടന്നപ്പോള്‍ വിദ്യാർത്ഥിക്ക് കിട്ടിയത് എട്ടിന്റെ പണി. തൃക്കാക്കര ഭാരതമാതാ കോളേജ് വിദ്യാര്‍ത്ഥിയുടെ ലൈസന്‍സാണ് മണിക്കൂറുകള്‍ക്കുള്ളില്‍ സസ്‌പെന്‍ഡ് ചെയ്തത്. കൊച്ചി കാക്കനാടാണ് സംഭവം.

ലൈസന്‍സ് കിട്ടിയ സന്തോഷം പങ്കുവെക്കാന്‍ കൂട്ടുകാര്‍ക്കൊപ്പം 'റൈഡ്' പോയതാണ് വിദ്യാര്‍ത്ഥി. രണ്ട് പേരെയാണ് തനിക്കൊപ്പം ബൈക്കില്‍ കയറ്റിയത്. രണ്ട് ബൈക്കില്‍ മൂന്ന് പേര്‍ വീതം യാത്ര ചെയ്യുന്നത് അതുവഴി പോവുകയായിരുന്ന എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒയുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് ഇവരെ ഓഫീസിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.

ബൈക്ക് ഓടിച്ചതില്‍ ഒരു വിദ്യാര്‍ത്ഥിക്ക് രാവിലെയാണ് തപാലിലൂടെ ലൈസന്‍സ് കിട്ടിയതെന്ന് പരിശോധനയില്‍ വ്യക്തമായി. പിന്നാലെ ബൈക്ക് ഓടിച്ച രണ്ട് പേരുടെയും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. 2000 രൂപ പിഴയടക്കാനും ഉത്തരവിട്ടു. തെറ്റ് ആവര്‍ത്തിക്കില്ലെന്ന് എഴുതി നല്‍കിയ ശേഷമാണ് വിദ്യാര്‍ത്ഥികളെ വിട്ടയച്ചത്.

വളരെ പുതിയ വളരെ പഴയ