ഡിസ്കൗണ്ട് നിരക്കില്‍ ഷെയര്‍ നല്‍കാമെന്ന് വാഗ്ദാനം; വാട്സ് ആപ്പ് വഴി 17ലക്ഷം തട്ടിയയാള്‍ പിടിയില്‍


കണ്ണൂര്‍: കണ്ണൂർ തളിപ്പറമ്പില്‍ ഓണ്‍ലൈൻ തട്ടിപ്പിലൂടെ 17 ലക്ഷം തട്ടിയയാള്‍ പിടിയില്‍. കാസർകോഡ് സ്വദേശി അബ്ദുല്‍ സമദാനിയാണ് പിടിയിലായത്. കടന്നപ്പള്ളി സ്വദേശിയുടെ പരാതിയിന്മേലാണ് പൊലീസ് നടപടി.

ഡിസ്കൗണ്ട് നിരക്കില്‍ വിവിധ കമ്പനികളുടെ ഷെയർ നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിക്കും. വാട്സ്‌ആപ്പ് ചാറ്റ് വഴി ആളുകളെ കയ്യിലെടുക്കും. ഇതാണ് കാസർഗോഡ് സ്വദേശി അബ്ദുല്‍ സമദാനിയുടെ പതിവ് രീതി. കഴിഞ്ഞ മെയ് 21നും ജൂണ്‍ 14 നും ഇടയില്‍ കടന്നപ്പള്ളി സ്വദേശിയില്‍ നിന്നും തട്ടിപ്പിലൂടെ 17 ലക്ഷം രൂപയാണ് ഇയാള്‍ കൈക്കലാക്കിയത്. 

ദിയ, ലോകേഷ് പട്ടേല്‍ എന്നീ പേരുകളില്‍ ആയിരുന്നു ഇത്തവണ സമദാനി തട്ടിപ്പ് നടത്തിയത്. കടന്നപ്പള്ളി സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷിച്ചപ്പോഴാണ് തട്ടിപ്പിന് പിന്നില്‍ മലയാളികള്‍ ആണെന്ന് മനസ്സിലായത്.

മറ്റൊരു തട്ടിപ്പ് കേസില്‍ സെൻട്രല്‍ ജയിലില്‍ റിമാന്റില്‍ കഴിയുന്ന സമദാനിയെ ജയിലിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കൂട്ടു പ്രതി എറണാകുളം സ്വദേശി ജബ്ബാറിനെ നേരത്തെ പരിയാരം പൊലീസ് പിടികൂടിയിരുന്നു. സംഘത്തിലെ മൂന്നാമൻ ഷമീർ ഒളിവിലാണ്. കൂടുതല്‍ കണ്ണികള്‍ തട്ടിപ്പില്‍ ഉണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. അബ്ദുള്‍ സമദാനിയെ വിശദമായി ചോദ്യം ചെയ്യാനായി അടുത്ത ദിവസം കസ്റ്റഡിയില്‍ വാങ്ങും.

വളരെ പുതിയ വളരെ പഴയ