മഞ്ചേരി: നിരവധി വിദ്യാർഥികള്‍ക്ക് മുണ്ടിനീർ ബാധിച്ചതോടെ സ്കൂള്‍ താല്‍ക്കാലികമായി അടച്ചിടാൻ ആരോഗ്യ വകുപ്പ് നിർദേശം നല്‍കി.
മഞ്ചേരി നറുകര നസ്രത്ത് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർഥികളിലാണ് രോഗ വ്യാപനം കണ്ടെത്തിയത്. ഇതോടെ ഒന്ന് മുതല്‍ നാല് വരെ ക്ലാസുകളാണ് അടച്ചിടാൻ നിർദേശം നല്‍കിയത്. കഴിഞ്ഞ മാസം മുതലാണ് കുട്ടികളില്‍ രോഗം ബാധിച്ചത്. ഒന്ന്, രണ്ട് ക്ലാസുകളിലെ 30 ഓളം കുട്ടികള്‍ക്കാണ് രോഗബാധ.
ഒന്നോ രണ്ടോ കുട്ടികള്‍ക്കാണ് ആദ്യം ലക്ഷണം കണ്ടത്. പിന്നീട് മറ്റു കുട്ടികളിലേക്ക് പടരുകയായിരുന്നു. മുൻകരുതലിന്‍റെ ഭാഗമായി മഞ്ചേരി ഗവ.മെഡിക്കല്‍ കോളജില്‍ നിന്നുള്ള വിദഗ്ധ സംഘം സ്കൂളിലെത്തി കുട്ടികളുടെ ആരോഗ്യ സ്ഥിതി പരിശോധിച്ചു.
ആരോഗ്യ വകുപ്പ് അധികൃതരുടെ നിർദേശത്തെ തുടർന്ന് രോഗം പടരാതിരിക്കാനാണ് ക്ലാസുകള്‍ നിർത്തിവെച്ചതെന്ന് സ്കൂള്‍ അധികൃതർ പറഞ്ഞു. രോഗം ഭേദമാകാൻ രണ്ടാഴ്ച വരെ സമയമെടുക്കും. രോഗ ബാധയുള്ള കുട്ടികളുടെ രക്ഷിതാക്കളുമായി ആരോഗ്യ വകുപ്പ് അധികൃതർ നിരന്തരം ബന്ധപ്പെട്ട് സ്ഥിതി ഗതികള്‍ വിലയിരുത്തും.