Zygo-Ad

നവജാത ശിശുവിന്റെ വൈകല്യം; പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

 


ആലപ്പുഴ: സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ നവജാത ശിശുവിന്റെ വൈകല്യം നേരത്തെ കണ്ടെത്തിയില്ലെന്ന ആരോപണത്തിൽ ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് സംഭവം ശ്രദ്ധയിൽപ്പെട്ടയുടൻ തന്നെ അന്വേഷണം നടത്താൻ മന്ത്രി ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു. ജില്ലാ തലത്തിലുള്ള അന്വേഷണം ഇന്നലെ ആരംഭിച്ചു. സ്കാനിങ് സെന്റ്ററിനെപ്പറ്റിയും അന്വേഷണം നടത്തുന്നതാണ്. അന്വേഷണങ്ങളിൽ വീഴ്ച കണ്ടെത്തിയാൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.


നവജാത ശിശുവിന് ഗുരുതര വൈകല്യം ഉണ്ടായ സംഭവത്തിൽ നാല് ഡോക്ടർമാർക്കെതിരെ കേസെടുത്തിരുന്നു. ആലപ്പുഴ കടപ്പുറം കുട്ടികളുടേയു സ്ത്രീകളുടേയും ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റുമാരായ ഡോ. ഷേർലി, ഡോ.പുഷ്‌പ, എന്നിവർക്കെതിരെയും സ്വകാര്യ ലാബിലെ 2 ഡോക്ടർമാർക്കെതിരെയുമാണ് കേസെടുത്തത്.

ആലപ്പുഴ സൗത്ത് പൊലീസാണ് സംഭവത്തിൽ കേസെടുത്തിരിക്കുന്നത്. ഗുരുതര വൈകല്യങ്ങളാണ് നവജാത ശിശുവിന് ഉള്ളത്. കുഞ്ഞിൻ്റെ ചെവിയും കണ്ണും ഉള്ളത് യഥാസ്ഥാനത്തല്ല. വായ തുറക്കുന്നില്ല. മലർത്തി കിടത്തിയാൽ കുഞ്ഞിൻ്റെ നാവ് ഉള്ളിലേക്ക് പോകും. കാലിനും കൈക്കും വളവുമുണ്ട്. ഗർഭ കാലത്ത് പല തവണ നടത്തിയെങ്കിൽ സ്കാനിംഗിൽ ഡോക്ടർമാർ വൈകല്യം തിരിച്ചറിഞ്ഞില്ലെന്നാണ് കുട്ടിയുടെ അമ്മയുടെ പരാതി. സംഭവത്തിൽ കുട്ടിയുടെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.

പല തവണ സ്കാൻ ചെയ്‌തിട്ടും ഗർഭസ്ഥ ശിശുവിന്റെ രൂപമാറ്റം കണ്ടെത്താനാകാത്തത് ഡോക്ടർമാരുടെ വീഴ്ചയാണെന്നാണ് കുടുംബം പരാതിയിൽ ആരോപിക്കുന്നത്. ഡി.എം.ഒയുടെ നിർദേശപ്രകാരം, സ്കാനിങ് നടത്തിയ രണ്ടു ലാബുകളിലും ആരോഗ്യ വകുപ്പ് അധികൃതർ ഇന്നലെ പരിശോധന നടത്തി. സംഭവത്തിൽ പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കാൻ വനിത-ശിശു ആശുപത്രി സൂപ്രണ്ടിനോട് ഡിഎംഒ നിർദേശിച്ചിട്ടുണ്ട്.

വളരെ പുതിയ വളരെ പഴയ