കൃഷ്ണമേനോൻ സ്മാരക ഗവ. വനിതാ കോളേജിന്റെ കായിക മേഖലയ്ക്ക് അഞ്ച് കോടിയുടെ വികസന പദ്ധതി

 


കണ്ണൂർ : വിജയ വഴിയില്‍ കുതിക്കുന്ന കണ്ണൂർ കൃഷ്ണമേനോൻ സ്മാരക ഗവ. വനിതാ കോളേജിന്റെ കായിക മേഖലയ്ക്ക് കരുത്തേകാൻ അഞ്ച് കോടി രൂപ ചെലവഴിച്ച്‌ സ്‌പോർട്‌സ് ഹോസ്റ്റലും നീന്തല്‍ക്കുളവും അത്യാധുനിക മൈതാനവും ഒരുങ്ങുന്നു.

കെ വി സുമേഷ് എംഎല്‍എയുടെ ബജറ്റ് പ്രൊപ്പോസലിനെ തുടർന്നാണ് സംസ്ഥാന സർക്കാർ അഞ്ചു കോടി രൂപ കോളജിന് അനുവദിച്ചത്.

ക്രിക്കറ്റ് പരിശീലനത്തിനുള്ള നെറ്റ്‌സ്, മൈതാനത്തിനോടുർന്ന് നീന്തല്‍ക്കുളം, അനുബന്ധ മുറികള്‍, കായിക വിദ്യാർഥികള്‍ക്കുള്ള ഹോസ്റ്റല്‍ കെട്ടിടം എന്നിവയാണ് നിർമിക്കുക. നീന്തല്‍ക്കുളത്തിന് അഞ്ച് ലൈൻ, ഫില്‍റ്ററേഷൻ യൂണിറ്റ്, ചേഞ്ചിങ് റൂമുകള്‍, ടോയ്ലറ്റ് സൗകര്യം എന്നിവ ഉണ്ടാകും. ഇരു നില ഹോസ്റ്റല്‍ കെട്ടിടമാണ് ഒരുങ്ങുക. വിദ്യാർഥികള്‍ പരിശീലനം നടത്തുന്ന മൈതാനം അത്യാധുനിക രീതിയില്‍ നവീകരിക്കും. സ്‌പോർട്‌സ് കേരള ഫൗണ്ടേഷനാണ് നിർമാണച്ചുമതല. വരുന്ന ആഴ്ച തന്നെ നിർമാണ പ്രവൃത്തികള്‍ ആരംഭിക്കുമെന്ന് എം എല്‍ എ പറഞ്ഞു.

വോളിബോള്‍, അമ്പെയ്ത്ത്, ഭാരോദ്വേഹനം, ഫുട്‌ബോള്‍, ക്രിക്കറ്റ്, ഫെൻസിങ് എന്നിവയില്‍ നിരവധി പ്രതിഭകളെ സമ്മാനിച്ച കോളേജിന് ആധുനിക സ്റ്റേഡിയം മുതല്‍ക്കൂട്ടാകും.

ഫുട്ബോള്‍ പരിശീലനം നടക്കുന്ന കളിക്കളത്തില്‍ പിച്ചൊരുക്കിയാണ് നിലവില്‍ ക്രിക്കറ്റ് പരിശീലനം. അമ്പെയ്ത്ത് പരിശീലനത്തിനും സൗകര്യം പരിമിതം. ഇവയെല്ലാം മറി കടക്കാനാണ് കോളേജില്‍ കായിക മേഖലയിലെ പശ്ചാത്തല സൗകര്യ വികസനം ലക്ഷ്യം വെക്കുന്നത്.

ഈ വികസന പ്രവർത്തനങ്ങള്‍ 50 വർഷത്തെ പാരമ്പര്യമുള്ള കോളജിന്റെ മുഖച്ഛായ തന്നെ മാറ്റും. ബുധനാഴ്ച ചേർന്ന യോഗത്തില്‍ കെവി സുമേഷ് എംഎല്‍എ, കോളജ് പ്രിൻസിപ്പല്‍ ഡോ. കെ ടി ചന്ദ്രമോഹൻ, കായിക വകുപ്പ് എൻജിനീയർ പ്രവിശങ്കർ, വൈശാഖ്, കോളേജ് അധ്യാപകർ എന്നിവർ പങ്കെടുത്തു.

വളരെ പുതിയ വളരെ പഴയ