കണ്ണൂർ: മലപ്പുറം പെരിന്തൽമണ്ണയിൽ രണ്ടു കേ കോടിയോളം വില വരുന്ന സ്വര്‍ണാഭരണങ്ങളുമായി സ്കൂട്ടറിൽ വീട്ടിലേക്കു പോവുകയായിരുന്ന എം.കെ ജ്വല്ലറി ഉടമകളായ യൂസഫിനെയും സഹോദരൻ ഷാനവാസിനെയും പിന്തുടർന്ന് ആക്രമിച്ച് മൂന്നരക്കിലോ സ്വര്‍ണം കവര്‍ന്ന കേസില്‍ ആസൂത്രകനടക്കം ഒമ്പതു പേര്‍ കൂടി അറസ്റ്റിലായി.
കൊലക്കേസ് പ്രതി ഉള്‍പ്പെടെ ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരടങ്ങുന്ന സംഘമാണു പിടിയിലായത്.
കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശിയും നിലവില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കൊലപാതകക്കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയും ചെയ്യുന്ന മൂരിയാട് പവിത്രത്തില്‍ വിപിന്‍ (36), താമരശ്ശേരി അടിവാരം ആലംപടി ഷിഹാബുദീന്‍ (28), താമരശ്ശേരി അടിവാരം പുത്തന്‍ വീട്ടില്‍ അനസ് (27), പിണറായി എരുവെട്ടി സ്വദേശി കിഴക്കേ പറമ്പത്ത് അനന്തു (28), തൃശ്ശൂര്‍ മണ്ണൂത്തി കോട്ടിയാട്ടില്‍ സലീഷ് (35), തൃശ്ശൂര്‍ കിഴക്കേകോട്ട കിഴക്കുംപാട്ടുകര സ്വദേശി പട്ടത്ത് മിഥുന്‍രാജ് എന്ന അപ്പു (37), തൃശ്ശൂര്‍ പാട്ടുരായ്ക്കല്‍ പറക്കോട്ടില്‍ ലൈനില്‍ കുറിയേടത്തു മന അര്‍ജുന്‍ (28), പീച്ചി കണ്ണാറ പായ്യാംകോട്ടില്‍ സതീഷ് (46), തൃശ്ശൂര്‍ കണ്ണാറ കഞ്ഞിക്കാവില്‍ ലിസണ്‍ (31) എന്നിവരെയാണ് കണ്ണൂര്‍, തൃശ്ശൂര്‍, താമരശ്ശേരി ഭാഗങ്ങളില്‍ നിന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ഞായറാഴ്ച രാത്രിയോടെ അറസ്റ്റു ചെയ്തത്.
കേസില്‍ ഇതു വരെ പിടിയിലായവരുടെ എണ്ണം 13 ആയി. അഞ്ച് പ്രതികളാണ് ഇനി പിടിയിലാവാനുള്ളത്.
1.7 കിലോ സ്വര്‍ണവും 500 ഗ്രാം സ്വര്‍ണം വിറ്റതിന്റെ 35 ലക്ഷം രൂപയും ഒളിപ്പിച്ച സ്ഥലം പ്രതികള്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്. കസ്റ്റഡിയിലുള്ള പ്രതികളുമായി സ്ഥലത്തെത്തി പോലീസ് വൈകാതെ ഇവ കണ്ടെടുക്കും. ഇനിയും സ്വര്‍ണം കണ്ടെടുക്കാനുണ്ടോ എന്ന കാര്യം പോലീസ് പരിശോധിക്കുന്നുണ്ട്.