പൈസക്ക് ഒരാവശ്യം വന്നാല്‍ ഏറ്റവും ആദ്യം ചെയ്യുന്ന ഒരു കാര്യമാണ് സ്വർണം പണയം വെയ്ക്കുന്നത്. രാജ്യത്തെ പൊതുമേഖല ബാങ്കുകള്‍ മുതല്‍ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ വരെ ഇത്തരത്തില്‍ സ്വർണ പണയ വായ്പ നല്‍കുന്നുണ്ട്.
പലപ്പോഴും ഒരു വർഷത്തെ കാലാവധി അടിസ്ഥാനത്തിലായിരിക്കും ബാങ്കിംഗ് സ്ഥാപനങ്ങള്‍ സ്വർണ്ണ വായ്പ നല്‍കുക. ഈ കാലാവധി കഴിഞ്ഞാല്‍ മുഴുവൻ തുകയും അടച്ച് സ്വർണം തിരികെയെടുക്കുകയോ പലിശ മാത്രം അടച്ച് ഒരു വർഷത്തേക്ക് കൂടി പുതുക്കി വെയ്ക്കുകയോ ആണ് ചെയ്യാറുള്ളത്. അങ്ങനെ ചെയ്യുന്നവരാണ് നിങ്ങള്‍ എങ്കില്‍ ഇത് അറിഞ്ഞിരിക്കണം.
സ്വർണ്ണപ്പണയ വായ്പകള്‍ പ്രതിമാസ തിരിച്ചടവ് രീതിയിലേക്ക് കൊണ്ടുവരാനാണ് ബാങ്കിംഗ് സ്ഥാപനങ്ങളുടെ നീക്കം. ഇന്ത്യയിലെ പല ബാങ്കിംഗ് സ്ഥാപനങ്ങളും സ്വർണ്ണപ്പണയം വായ്പ നല്‍കുന്നതില്‍ ചട്ടങ്ങള്‍ പാലിക്കുന്നില്ല എന്ന റിസർവ് ബാങ്കിന്റെ കണ്ടെത്തലിനെ തുടർന്നാണ് ബാങ്കിംഗ് സ്ഥാപനങ്ങള്‍ രീതി മാറ്റാനായി ഒരുങ്ങുന്നത്.
അങ്ങനെയെങ്കില്‍ സ്വർണ്ണ പണയ വായ്പ ഇനി പ്രതിമാസം നിശ്ചിത തുകയായി അടയ്ക്കേണ്ടി വരും. നിലവിലും ഈ സംവിധാനമുണ്ടെങ്കിലും മിക്ക ഇടപാടുകാരും അവസാനനിമിഷം പുതുക്കിവയ്ക്കുകയോ സ്വർണം തിരിച്ചെടുക്കുകയോ ആണ് ചെയ്യാറുള്ളത്. സ്വർണ വായ്പാവിതരണത്തില്‍ കെവൈസി ചട്ടം, ക്യാഷ് പരിധി, എല്‍ടിവി നിബന്ധന, പരിശുദ്ധി പരിശോധന തുടങ്ങിയ ചട്ടങ്ങള്‍ പാലിക്കുന്നതില്‍ പല ബാങ്കിംഗ് സ്ഥാപനങ്ങളും വീഴ്ച വരുത്തുന്നുണ്ട് എന്നാണ് റിസർവ് ബാങ്ക് വ്യക്തമാക്കുന്നത്. വായ്പ തിരിച്ചടവ് ഇഎംഐ രീതിയിലേക്ക് മാറുകയാണെങ്കില്‍ പ്രതിമാസം തിരിച്ചടയ്ക്കാനുള്ള ശേഷി വായ്പ എടുക്കുന്നയാള്‍ക്ക് ഉണ്ടോ എന്നുള്ള കാര്യം ബാങ്കുകള്‍ പരിശോധിക്കേണ്ടതായി വരും. സ്വർണ്ണം പണയം വെയ്ക്കുന്നതിന് മുൻപ് ഉപഭോക്താവിന് നിശ്ചിത വരുമാനം ഉണ്ടോ എന്നുള്ള കാര്യത്തില്‍ വ്യക്തത വരുത്തി ആയിരിക്കും ബാങ്കിംഗ് സ്ഥാപനങ്ങള്‍ ഇനി സ്വർണ്ണപ്പണയ വായ്പ നല്‍കാൻ സാധ്യതയുള്ളത്.
ഇഎംഐ രീതിയിലേക്ക് മാറുമ്ബോള്‍ എന്ത് സംഭവിക്കും
വായ്പക്ക് നിശ്ചിത തിരിച്ചടവ് കാലാവധിയുണ്ടാകും
ഇനി മുതല്‍ കാലാവധി 3 വർഷമെങ്കിലും ലഭിച്ചേക്കാം
വായ്പ നല്‍കുന്നതിന് മുൻപ് ഇടപാടുകാരന്റെ തിരിച്ചടവ് ശേഷിയേ പറ്റിയും പരിശോധിക്കും
കാർഷികാവശ്യമാണോ എങ്കില്‍ തുക അതിനെ ഉപയോഗിക്കാവൂ
കാർഷികാവശ്യത്തിന് കുറഞ്ഞ പലിശനിരക്കില്‍ സ്വർണപ്പണയ വായ്പ എടുക്കുന്നവർക്ക് ഇനി കാർഷികാവശ്യത്തിന് മാത്രമേ പണം ഉപയോഗിക്കാവൂ. തുക കാർഷികാവശ്യത്തിന് തന്നെ ഇടപാടുകാരൻ ഉപയോഗിക്കുന്നു എന്നത് പരിശോധിക്കാൻ ചില ധനകാര്യസ്ഥാപനങ്ങളെ വിനിയോഗിക്കും. എന്നാല്‍ നിലവില്‍ ഇത്തരത്തില്‍ പരിശോധന നടക്കുന്നില്ലെന്ന് റിസർവ് ബാങ്ക് ആരോപിച്ചിരുന്നു. ഇടപാടുകാരന്റെ തിരിച്ചടവ് ശേഷി വിലയിരുത്തുകയും ഇഎംഐ സംവിധാനം ഏർപ്പെടുത്തുകയും ചെയ്യുന്നതിലൂടെ ഫണ്ട് വിനിയോഗം വായ്പാക്കരാർ പ്രകാരം തന്നെയാണെന്നത് ഉറപ്പാക്കാൻ കഴിയുമെന്നും ധനകാര്യ സ്ഥാപനങ്ങള്‍ കരുതുന്നു.
ചുരുക്കി പറഞ്ഞാല്‍ വലിയ നൂലാമാലകള്‍ ഇല്ലാതെ എളുപ്പത്തില്‍ കിട്ടിയിരുന്ന സ്വർണപ്പണയ വായ്പകള്‍ ഇനി കിട്ടുന്നത് അത്ര എളുപ്പമല്ല.