അമ്മയ്ക്കും മകനും വധശിക്ഷ കിട്ടിയ ആദ്യകേസ്:, ആദ്യത്തെ കേസന്വേഷണത്തിന് പ്രജീഷിനെ തേടി കേന്ദ്ര പുരസ്കാരം

 


തിരുവനന്തപുരം: അന്വേഷിച്ച ആദ്യ കൊലക്കേസില്‍ തന്നെ അമ്മയും മകനുമടക്കം 3 പ്രതികള്‍ക്ക് തൂക്കുകയർ വാങ്ങി നല്‍കിയ കന്റോണ്‍മെന്റ് സി.ഐ പ്രജീഷ് ശശിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ദക്ഷതാ പുരസ്കാരം.

അമ്മയ്ക്കും മകനും ആദ്യമായി വധശിക്ഷ കിട്ടുന്നത് ഈ കേസിലാണ്. സംസ്ഥാനത്ത് വധശിക്ഷ വിധിക്കപ്പെട്ട രണ്ടാമത്തെ സ്ത്രീയാണ് ഈ കേസിലെ പ്രതി റഫീക്കാബീവി(51). കൊല്ലത്തെ വിധു കുമാരൻ തമ്പി വധക്കേസില്‍ 2006 മാർച്ചില്‍ ബിനിത കുമാരിക്ക് വധശിക്ഷ വിധിച്ചിരുന്നു. പിന്നീടിത് ജീവപര്യന്തമായി കുറച്ചു. റഫീക്കയുടെ മകൻ ഷെഫീഖ്(27), സുഹൃത്ത് അല്‍-അമീൻ(27) എന്നിവർക്കും വധശിക്ഷയാണ്.

അമ്മയും മകനും അമ്മയുടെ കാമുകനും ചേർന്ന് അയല്‍വാസിയായ വിഴിഞ്ഞം മുല്ലൂരിലെ ശാന്ത കുമാരിയെ(74) കൊലപ്പെടുത്തി വീടിന്റെ തട്ടിൻപുറത്ത് ഒളിപ്പിച്ച കേസ് രണ്ടര മണിക്കൂർ കൊണ്ട് തെളിയിച്ചതിനാണ് പുരസ്കാരം. മരിച്ചതാരാണെന്ന് തിരിച്ചറിയും മുൻപേ പ്രതികളെ പിടിച്ചതായിരുന്നു മികവ്.

2022 ജനുവരി14ന് രാവിലെയാണ് ശാന്ത കുമാരിയുടെ ആഭരണങ്ങള്‍ കവരാൻ അയല്‍ വീട്ടിലെ വാടകക്കാരായ പ്രതികള്‍ കൊല നടത്തിയത്. വിധവയായ ഒന്നാം പ്രതി റഫീക്ക ശാന്ത കുമാരിയുമായി സൗഹൃദത്തിലായ ശേഷം വാടക വീട്ടില്‍ വിളിച്ചു വരുത്തി. ഷെഫീഖും അല്‍-അമീനും ചേർന്ന് കഴുത്തില്‍ തുണി കുരുക്കി ഞെരിച്ചു. റഫീക്ക ഇരുമ്പ് ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു. അല്‍-അമീൻ അതേ ചുറ്റികയുപയോഗിച്ച്‌ നെറ്റിയിലും തലയിലും അടിച്ചു കൊലപ്പെടുത്തി. മാല,വളകള്‍,മോതിരം,കമ്മലുകള്‍ എന്നിവ കവർന്ന ശേഷം മൃതദേഹം വീടിന്റെ ആസ്ബസ്റ്റോസ് മേല്‍ക്കൂരയ്ക്കും തട്ടിനുമിടയില്‍ ഒളിപ്പിച്ചു.

തട്ടിൻ പുറത്തു നിന്ന് രക്തം ഇറ്റു വീഴുന്നതായി വൈകിട്ട് ഏഴരയോടെയാണ് പൊലീസിനെ അയല്‍ വീട്ടുകാർ അറിയിച്ചത്. തട്ടിൻ പുറത്ത് പൊലീസിന് കയറാനാവുമായിരുന്നില്ല. റഫീക്കയാണ് മരിച്ചതെന്ന് കരുതിയാണ് അന്ന് വിഴിഞ്ഞം സി.ഐയായിരുന്ന പ്രജീഷിന്റെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങിയത്. ഇവർക്കൊപ്പമുണ്ടായിരുന്ന പുരുഷന്മാരെ കണ്ടെത്താൻ അന്വേഷണം നടക്കുന്നതിനിടെ, ടവർ ലൊക്കേഷൻ പിന്തുടർന്ന് രാത്രി പത്തോടെ പാലക്കാട്ടേക്കുള്ള സ്വകാര്യബസ് കഴക്കൂട്ടത്തു വച്ച്‌ തടഞ്ഞു. അപ്പോഴാണ് മരിച്ചെന്ന് കരുതിയ റഫീഖക്കയെ ഷെഫീഖിനും അല്‍-അമീനുമൊപ്പം കണ്ടെത്തിയത്.

തൊട്ടു പിന്നാലെ ശാന്തകുമാരിയെ കാണാനില്ലെന്ന മകന്റെ പരാതി കിട്ടിയത് അന്വേഷണത്തിന് വഴിത്തിരിവായി. പിറ്റേന്ന് രാവിലെ ഫയർഫോഴ്സിന്റെ സഹായത്തോടെ മൃതദേഹം തട്ടിൻപുറത്തു നിന്ന് പുറത്തെടുക്കും മുൻപേ പ്രതികളെ അഴിക്കുള്ളിലാക്കിയ മികവിന് വിധി ന്യായത്തില്‍ കോടതി, അന്വേഷണ സംഘത്തെ അഭിനന്ദിച്ചിരുന്നു. 90 ദിവസത്തിനകം കുറ്റപത്രം നല്‍കി പ്രതികള്‍ക്ക് ജാമ്യം കിട്ടുന്നത് തടഞ്ഞു. ഷെഫീഖ് 14കാരിയെ ബലാല്‍സംഗം ചെയ്തത് പുറത്തറിയാതിരിക്കാനായിരുന്നു ഈ കൊല നടത്തിയത്.

ശാസ്താംകോട്ട കരിന്തോട്ടുവ സ്വദേശിയാണ് പ്രജീഷ്. മ്യൂസിയം,വിഴിഞ്ഞം,പന്തളം സ്റ്റേഷനുകളില്‍ സി.ഐയായിരുന്നു. വിഴിഞ്ഞം തുറമുഖ സമര കാലത്തടക്കം രണ്ടര വർഷം സി.ഐയായിരുന്നു. സമരം നേരിട്ടതിന് ബാഡ്ജ് ഒഫ് ഓണർ ലഭിച്ചിട്ടുണ്ട്.

വളരെ പുതിയ വളരെ പഴയ