ഒടുവില്‍ ദിവ്യയ്‌ക്കെതിരെ സിപിഎം നടപടി; പാര്‍ട്ടി പദവികളില്‍ നിന്നു നീക്കം

 


കണ്ണൂർ: ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ പി.പി ദിവ്യയ്‌ക്കെതിരെ നടപടി സ്വീകരിക്കാൻ സിപിഎം. പാർട്ടി പദവികളില്‍നിന്ന് നീക്കും.

കണ്ണൂർ ജില്ലാ കമ്മിറ്റി യോഗത്തിലാണു തീരുമാനം. സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തിന് വിട്ടിരിക്കുകയാണ്. ദിവ്യയ്ക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്ന് യോഗം വിലയിരുത്തി. 

എഡിഎം കെ നവീൻബാബു ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ ആത്മഹത്യാ പ്രേരണ കേസിൽ റിമാൻഡിലായ കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ മുൻ പ്രസിഡന്റ്‌ പി പി ദിവ്യയുടെ ജാമ്യ ഹർജിയില്‍ തലശ്ശേരി സെഷൻസ് കോടതി നാളെയാണ് വിധിപറയുക. മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്ന്‌ കഴിഞ്ഞ ചൊവ്വാഴ്‌ചയാണ്‌ ദിവ്യയെ അറസ്‌റ്റ് ചെയ്‌തത്‌.

അതേസമയം, നവീൻ ബാബുവിന്റെ മരണത്തില്‍ പ്രത്യേക അന്വേഷണ സംഘം കുടുംബത്തിന്റെ മൊഴി നാളെയോ ശനിയാഴ്ചയോ പത്തനംതിട്ടയിലെത്തി രേഖപ്പെടുത്തും. ഭാര്യയുടെ മൊഴിയെടുക്കാനാണ് ആലോചന. പബ്ലിക് പ്രോസിക്യൂട്ടറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തീരുമാനം. ജാമ്യാപേക്ഷയിലെ വാദത്തില്‍ ഭാര്യയുടെ മൊഴിയെടുത്തില്ല എന്ന ആക്ഷേപം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് കുടുംബത്തിന്റെ മൊഴിയെടുക്കാനുള്ള തീരുമാനം.

യാത്രയയപ്പ് ചടങ്ങിനിടെ ദിവ്യ നടത്തിയ ആരോപണങ്ങള്‍ക്ക് പിന്നാലെയായിരുന്നു നവീന്‍ ബാബു ജീവനൊടുക്കിയത്. എഡിഎം കൈക്കൂലി ആവശ്യപ്പെട്ടിരുന്നുവെന്ന് ആരോപിച്ച പി പി ദിവ്യ പത്തനംതിട്ടയില്‍ ഈ രീതിയില്‍ പ്രവര്‍ത്തിക്കരുതെന്നും പറഞ്ഞിരുന്നു. രണ്ട് ദിവസത്തിനകം മറ്റു വെളിപ്പെടുത്തലുണ്ടാകുമെന്നും ദിവ്യ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ നവീന്‍ ബാബുവിനെ ക്വാര്‍ട്ടേഴ്സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

വളരെ പുതിയ വളരെ പഴയ