തളിപ്പറമ്പ്: സി.ബി.ഐ ചമഞ്ഞ് പാളിയത്തുവളപ്പ് സ്വദേശിയുടെ മൂന്നേകാല്‍ കോടിയോളം രൂപ തട്ടിയെടുത്ത സംഘത്തിലെ കണ്ണി പൊലീസ് പിടിയിലായി.
കോഴിക്കോട് താമരശേരി ഓമശേരി ഷഹാബ് മൻസിലില്‍ എം.പി ഫഹ്‌മി ജവാദിനെ(22) ആണ് ക്രൈംബ്രാഞ്ച് എസ്.പി പ്രജീഷ് തോട്ടത്തിലിന്റെ മേല്‍നോട്ടത്തില്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കീർത്തി ബാബുവിന്റെ നേതൃത്വത്തില്‍ വയനാട് വൈത്തിരിയില്‍ വച്ച് അറസ്റ്റ് ചെയ്തത്.
പാളിയത്തു വളപ്പ് സ്വദേശി കരോത്തു വളപ്പില്‍ ഭാർഗ്ഗവൻ (74) ആണ് തട്ടിപ്പിനിരയായത്. സംഘം തട്ടിയെടുത്ത പണത്തില്‍ 32 ലക്ഷം രൂപ കണ്ടെടുത്തു.
കഴിഞ്ഞ സെപ്‌തംബർ 19 മുതല്‍ ഒക്ടോബർ മൂന്ന് വരെയുള്ള തീയതികളിലാണ് പണം തട്ടിയെടുത്തത്. മുംബൈ ടെലികോം സർവീസിലെ ഉദ്യോഗസ്ഥനാണെന്നു പറഞ്ഞ് ഒരാള്‍ ആദ്യം വീഡിയോ കോളില്‍ ബന്ധപ്പെട്ടു. ഗള്‍ഫിലായിരുന്ന ഭാർഗ്ഗവന്റെ ആധാർ കാർഡ് ഉപയോഗിച്ച് മറ്റൊരാള്‍ സിം കാർഡ് എടുത്തിരുന്നുവെന്നും ആ നമ്ബർ ഓണ്‍ലൈൻ നിക്ഷേപ തട്ടിപ്പിന് ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്നും തട്ടിപ്പില്‍ കുടുങ്ങിയ ഒരു കുടുംബം ആത്മഹത്യ ചെയ്തിട്ടുണ്ടെന്നും അതിനാല്‍ നിങ്ങളെ അറസ്റ്റ് ചെയ്യുമെന്നും പറഞ്ഞു. പിന്നീട് മുംബൈ പൊലീസാണെന്നു പറഞ്ഞ് മറ്റൊരാള്‍ ഫോണില്‍ ബന്ധപ്പെട്ടു.
ഇതിന്റെ തൊട്ടു പിറകെ സി.ബി.ഐ ഓഫീസറാണെന്നു പറഞ്ഞ് മറ്റൊരാളും വിളിച്ചതോടെ ഭയന്നു പോയ ഭാർഗ്ഗവൻ, ഇവർ ആവശ്യപ്പെട്ട പ്രകാരം അക്കൗണ്ടുവിവരങ്ങള്‍ കൈമാറി. പിന്നീട് ഭാർഗ്ഗവനെ ഭീഷണിപ്പെടുത്തി ബാങ്കിലേക്ക് പറഞ്ഞയച്ച് അയാളുടെ അക്കൗണ്ടില്‍ നിന്നും ഭാര്യയുടെ അക്കൗണ്ടില്‍ നിന്നുമുള്ള പണം തട്ടിപ്പുകാരുടെ അക്കൗണ്ടിലേക്ക് അയപ്പിക്കുകയായിരുന്നു. 3,15,50,000 രൂപയാണ് തട്ടിയെടുത്തത്. ഇക്കാര്യം പുറത്തറിയിക്കരുതെന്നും പുറത്തറിയിച്ചാല്‍ വിദേശത്തുള്ള മകനെയടക്കം അറസ്റ്റ് ചെയ്യേണ്ടി വരുമെന്നും ഭീഷണിപ്പെടുത്തിയതിനാല്‍ വിവരം മറ്റൊരാളോടും പറഞ്ഞില്ല.
പണം കൈമാറിയ ശേഷമാണ് തട്ടിപ്പാണെന്ന് ഭാർഗ്ഗവന് മനസിലായത്. ഇതേത്തുടർന്ന് കഴിഞ്ഞ നാലിന് തളിപ്പറമ്പ് പൊലീസില്‍ പരാതി നല്‍കി. കോടികളുടെ തട്ടിപ്പായതിനാല്‍ കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.
പിടിയിലായ ഫഹ്‌മി ജവാദ് തട്ടിപ്പ് സംഘത്തിലെ ഇങ്ങേയറ്റത്തെ കണ്ണികളില്‍ ഒരാളാണ്. പശ്ചിമ ബംഗാളിലെ കൊല്‍ക്കത്ത കേന്ദ്രമായി പ്രവർത്തിക്കുന്ന അഫ്‌സാന ടൂർ ആൻഡ് ട്രാവല്‍സ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഏഴംഗ സംഘമാണ് തട്ടിപ്പിന് പിറകിലെന്ന് പൊലീസ് പറഞ്ഞു.
ഇതില്‍ ചിലർ കൊല്ലം ജില്ലക്കാരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പയ്യന്നൂരിലെ ടാക്സ‌് ഓഫീസർ എഗാർ വിൻസെന്റില്‍ നിന്ന് സമാന രീതിയില്‍ ഒന്നര ലക്ഷം രൂപ തട്ടിയെടുത്തതായും തെളിഞ്ഞിട്ടുണ്ട്.