കേളകത്തെ വാഹനാപകടം; മരിച്ച അഭിനേത്രികളുടെ കുടുംബങ്ങള്‍ക്ക് അടിയന്തിര ധനസഹായം പ്രഖ്യാപിച്ചു


കണ്ണൂർ:  കേളകത്ത് കായംകുളം ദേവ കമ്മ്യൂണിക്കേഷൻ നാടക സംഘം സഞ്ചരിച്ച മിനി ബസ് അപകടത്തിൽപ്പെട്ട് മരിച്ച രണ്ട് പേരുടെ കുടുംബങ്ങള്‍ക്ക് അടിയന്തിര ധന സഹായം പ്രഖ്യാപിച്ചു. 

മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് മരണാനന്തര ചടങ്ങുകൾക്കായി അടിയന്തിര ധനസഹായമെന്ന നിലയില്‍ സാംസ്‌കാരിക ക്ഷേമനിധി ബോര്‍ഡ് 25000 രൂപ വീതം  കൈമാറുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ആശുപത്രിയിൽ കഴിയുന്നവർക്ക് ആവശ്യമായ സൗകര്യങ്ങൾ ഉറപ്പു വരുത്താനായി ജില്ലാ കലക്ടറോടും കേരള സംഗീത നാടക അക്കാദമിയോടും നിർദേശിച്ചിട്ടുണ്ട്.

മരണപ്പെട്ടവരുടെ ഭൗതിക ശരീരം കൊണ്ടു പോകുവാനും ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്യപ്പെടുന്നവർക്കുമായുള്ള ആംബുലൻസ് സൗകര്യങ്ങൾ ഏർപ്പെടുത്താൻ കേരള സംഗീത നാടക അക്കാദമിയോട് നിർദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ ചികിത്സാ ചെലവുകൾ സാംസ്‌കാരികവകുപ്പ് ഏറ്റെടുക്കും.

അപകടത്തിൽ മരിച്ച കായംകുളം മുതുകുളം സ്വദേശി അഞ്ജലി, കരുനാഗപ്പള്ളി തേവലക്കര സ്വദേശിനി ജെസി മോഹൻ എന്നിവരുടെ കുടുംബങ്ങൾക്കാണ് ധനസഹായം പ്രഖ്യാപിച്ചത്.

വളരെ പുതിയ വളരെ പഴയ