കൊച്ചി : വാഹന പരിശോധന നടത്തുന്ന ഉദ്യോഗസ്ഥർക്കുമുന്നിൽ ഇനി മുതൽ ഡ്രൈവിങ് ലൈസൻസിന്റെയും വാഹനത്തിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെയും ഡിജിറ്റൽ പകർപ്പ് കാണിച്ചാൽ മതി. ഇതു സംബന്ധിച്ച അന്തിമ ഉത്തരവ് വ്യാഴാഴ്ച സംസ്ഥാന ട്രാൻസ്പോർട്ട് കമ്മിഷണർ പുറത്തിറക്കി.
എം. പരിവാഹൻ, ഡിജി ലോക്കർ എന്നിവയിൽ ഡിജിറ്റലായി സൂക്ഷിക്കുന്ന രേഖകൾ കാണിച്ചാലും പരിശോധന നടത്തുന്ന ഉദ്യോഗസ്ഥർ അസൽ പകർപ്പ് ആവശ്യപ്പെട്ടിരുന്നു. ഇത് പലപ്പോഴും തർക്കങ്ങൾക്ക് കാരണമാവുകയും ചെയ്തു. 2000-ലെ ഐ.ടി. നിയമ പ്രകാരം ഡജിറ്റൽ രേഖകൾ അസലിന് തുല്യമാണെന്നാണ് പുതിയ ഉത്തരവിലുള്ളത്.
അസൽ രേഖകൾ കാണിക്കുന്നതിന് നിർബന്ധിക്കരുതെന്നും ഉത്തരവിലുണ്ട്. വാഹൻ പോർട്ടലിൽ നിന്ന് ഡൗൺലോഡ് ചെയ്തെടുക്കുന്ന ക്യു.ആർ. കോഡുള്ള കോപ്പി കാണിച്ചാലും മതി. ഡിജിറ്റൽ രേഖകൾ കാണിക്കുമ്പോൾ ഏതെങ്കിലും നിയമലംഘനങ്ങൾ കണ്ടാൽ വാഹൻ സാരഥി ഡേറ്റാ ബേസിൽ ഇലക്ട്രോണിക് ആയി ഇ-ചെലാൻ തയ്യാറാക്കി രേഖകൾ പിടിച്ചെടുത്തതായി രേഖപ്പെടുത്തണമെന്നും ഉത്തരവിലുണ്ട്. അല്ലാതെ അസൽ രേഖകൾ പിടിച്ചെടുക്കുന്നതും വിലക്കിയിട്ടുണ്ട്.