Zygo-Ad

നവീൻ ബാബുവിന്റെ മരണം; കളക്ടര്‍ പ്രതിരോധത്തില്‍


കണ്ണൂർ: എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തില്‍ ആരോപണ നിഴലില്‍ തുടരുന്ന കണ്ണൂർ ജില്ലാ കളക്ടർക്കെതിരെ നീക്കം ശക്തമാക്കി പ്രതിപക്ഷം.

കളക്ടർ അരുണ്‍ കെ. വിജയനെ തത്‌സ്ഥാനത്തു നിന്ന് മാറ്റണമെന്നും കേസ് സി.ബി.ഐക്കു കൈമാറണമെന്നും ആവശ്യപ്പെട്ടുള്ള കോണ്‍ഗ്രസ് പ്രതിഷേധങ്ങള്‍ക്ക് അടുത്തയാഴ്ച തുടക്കമാകും.

കഴിഞ്ഞ ഒക്ടോബർ 15നായിരുന്നു കണ്ണൂർ എ.ഡി.എമ്മായിരുന്ന കെ. നവീൻ ബാബുവിന്റെ മരണം. ഒന്നര മാസം തികയുമ്പോള്‍ കേസില്‍ ട്വിസ്റ്റുകള്‍ നിറയുകയാണ്.

നിറം മാറുന്ന പാർട്ടി

കുടുംബത്തിനൊപ്പം എന്നാവർത്തിക്കുന്ന സി.പി.എം. നേതാക്കള്‍ നിറം മാറിത്തുടങ്ങി. സത്യം തെളിയണമെന്ന പ്രതിജ്ഞയുമായി നവീന്റെ ഭാര്യ മഞ്ജുഷ രംഗത്തു വന്നത് പാർട്ടി പ്രതീക്ഷിക്കാത്ത നീക്കമായി. നവീന്റെ മരണം കൊലപാതകമാണെന്ന സംശയവും കുടുംബം ഉന്നയിച്ചു കഴിഞ്ഞു. നിയമപോരാട്ടം സി.ബി.ഐ അന്വേഷണാവശ്യത്തില്‍ എത്തി നില്‍ക്കുകയാണ്. ഇക്കാര്യത്തില്‍ പാർട്ടി, നവീന്റെ കുടുംബത്തിനൊപ്പമല്ലെന്നതും ശ്രദ്ധേയം. 

ഇവിടെ പ്രതിസ്ഥാനത്ത് പാർട്ടിക്ക് പ്രിയങ്കരിയായ പി.പി.ദിവ്യ. മറു ഭാഗത്ത് പരമ്പരാഗത പാർട്ടി അനുഭാവികളായ നവീൻ ബാബുവിന്റെ കുടുംബം. ചേർത്തു പിടിക്കാനും കൂടെയുണ്ടെന്നറിയിക്കാനും സി.പി.എം സംസ്ഥാന സെക്രട്ടറിയടക്കമുള്ള നേതാക്കള്‍ നവീന്റെ വസതിയിലേക്കൊഴുകി. സർക്കാർ ഉദ്യോഗസ്ഥയായ മഞ്ജുഷയെ അനുനയിപ്പിച്ച്‌ വിഷയം ഒത്തുതീർപ്പാക്കാനുള്ള ശ്രമമാണെന്ന് അന്നേ ആരോപണമുണ്ടായിരുന്നു. ഈ സമയം കണ്ണൂരില്‍ പ്രതിയെ സംരക്ഷിക്കാനുള്ള നീക്കങ്ങള്‍ .തകൃതിയായി നടന്നു. മുഖ്യമന്ത്രിക്ക് നല്‍കിയിരുന്ന പരാതിയെന്ന പേരില്‍ ഒരു കത്ത് കെട്ടിച്ചമച്ചു. നവീൻ തെറ്റു സമ്മതിച്ചിരുന്നുവെന്ന് കളക്ടർ മൊഴി മാറ്റി. മുൻകൂർ ജാമ്യാപേക്ഷ തള്ളുന്നതു വരെ ദിവ്യ എവിടെയാണെന്ന് പൊലീസ് അന്വേഷിച്ചില്ല. തുടർന്ന് മുൻകൂട്ടി തീരുമാനിച്ചതു പ്രകാരം വഴിയില്‍ കാത്തു കിടന്ന് പ്രതിയെ കൂട്ടിക്കൊണ്ടുപോയി. 

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തു നിന്ന് നീക്കിയെങ്കിലും ദിവ്യ മറ്റു പദവികളില്‍ തുടർന്നു. എന്നാല്‍ ഭർത്താവിന്റെ മരണത്തിന്റെ ആഘാതത്തില്‍ നിന്ന് മനസാന്നിദ്ധ്യം വീണ്ടെടുത്ത മഞ്ജുഷ പ്രതികരിച്ചു. ശക്തമായിത്തന്നെ. 'ഞങ്ങളുടെ ജീവിതമാണ് നശിപ്പിച്ചത് ' എന്ന വാക്കുകള്‍ ജ്വാലയായി. പാർട്ടിക്ക് ഓർക്കാപ്പുറത്തുള്ള പ്രഹരമായി. ദിവ്യയുടെ ജാമ്യാപേക്ഷയില്‍ മഞ്ജുഷ ശക്തമായ വാദങ്ങളുന്നയിക്കുകയും ചെയ്തു.

ജാമ്യത്തിലിറങ്ങിയ പി.പി. ദിവ്യ, പാർട്ടിയുടെ നിലപാടില്‍ അതൃപ്തിയറിയിച്ചതായി വാർത്തയുണ്ടായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തു നിന്ന് ഏകപക്ഷീയമായി നീക്കിയതിനെതിരേ കണ്‍ട്രോള്‍ കമ്മിഷനെ സമീപിക്കുമെന്നും സൂചനയുണ്ടായിരുന്നു. ഇതോടെയാണ് സി.പി.എം. നേതാക്കള്‍ നിറം മാറിത്തുടങ്ങിയത്. നവീൻ ബാബു കൈക്കൂലി വാങ്ങിയെന്നും ഇല്ലെന്നും രണ്ടു പക്ഷമുണ്ടെന്നും അന്വേഷിക്കണമെന്നും സി.പി.എം. ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ പ്രസംഗിച്ചു. പാർട്ടി നവീന്റെ കുടുംബത്തോടൊപ്പമെന്ന പല്ലവി ആവർത്തിക്കാനും മറന്നില്ല. വാസ്തവത്തില്‍ ദിവ്യ ജയിലില്‍ നിന്ന് പുറത്തിറങ്ങിയപ്പോഴും പാർട്ടിയുടെ സ്നേഹം കണ്ടതാണ്. സ്വീകരിക്കാൻ കാത്തു നിന്നത് എം.വി.ഗോവിന്ദന്റെ ഭാര്യ ശ്യാമള ടീച്ചറടക്കമുള്ള നേതാക്കളാണ്.


സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നവീൻ ബാബുവിന്റെ കുടുംബം ശക്തമായ ആക്ഷേപങ്ങള്‍ ഉന്നയിച്ച സാഹചര്യത്തിലാണ് പ്രതിപക്ഷത്തിന്റെ നീക്കം. കളക്ടർ എന്തൊക്കെയോ മറച്ചു വയ്ക്കുന്നുവെന്നും, നവീൻ ബാബുവിന്റെ വിഷയം ഉന്നയിച്ച വിരോധത്തില്‍ കെ. സുധാകരൻ എം.പിയുടെ പ്രതിനിധി ടി.ജയകൃഷ്ണനെ ജില്ലാ വികസന സമിതിയില്‍ നിന്ന് ഒഴിവാക്കാൻ കളക്ടർ നിർദ്ദേശം നല്‍കിയത് അതിന്റെ ഭാഗമായാണെന്നുമാണ് ആക്ഷേപം. ജില്ലാ കളക്ടറെ നിലനിറുത്തിക്കൊണ്ടുള്ള അന്വേഷണം നിഷ്പക്ഷമാകില്ലെന്ന് ഡി.സി.സി അദ്ധ്യക്ഷൻ മാർട്ടിൻ ജോർജ് പറഞ്ഞു.

സി.പി.ഐ അനുകൂല സംഘടന ജോയിന്റ് കൗണ്‍സിലും ഇക്കാര്യം പരസ്യമായി ആവശ്യപ്പെടുന്നുണ്ട്. സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ടുള്ള ഹർജിയില്‍ കണ്ണൂർ കളക്ടർക്കെതിരെ ഗുരുതര ആരോപണങ്ങളാണ് കുടുംബം ഉന്നയിക്കുന്നത്.

കുറ്റകൃത്യത്തിലും ഗൂഢാലോചനയിലും കളക്ടറുടെ പങ്ക് അന്വേഷിക്കണമെന്നാണ് ആവശ്യം.


കുടുംബത്തിന്റെ ആരോപണങ്ങള്‍

• ജില്ലാ കളക്ടർ അരുണ്‍ കെ. വിജയൻ പി.പി. ദിവ്യയുടെ സ്വാധീനത്തിലാണ്.

• യാത്രഅയപ്പ് ചടങ്ങിലെ ദിവ്യയുടെ സാന്നിദ്ധ്യത്തെപ്പറ്റി പരസ്പര വിരുദ്ധ മൊഴികള്‍ നല്‍കി കളക്ടർ പ്രതിയെ രക്ഷപ്പെടുത്താൻ ശ്രമിച്ചു.


കളക്ടർക്കെതിരെ തെളിവുകള്‍

• നവീൻ ബാബുവും കളക്ടറും തമ്മില്‍ നല്ല ബന്ധത്തിലല്ലായിരുന്നുവെന്നാണ് ജീവനക്കാരുടെ മൊഴി.

• പി.പി.ദിവ്യ ആരോപണങ്ങള്‍ ഉന്നയിച്ചതിനു പിന്നാലെ നവീൻ ബാബു തന്നെ വന്നു കണ്ട് തെറ്റു പറ്റിയെന്ന് പറഞ്ഞതായുള്ള കളക്ടറുടെ വാദം ജീവനക്കാരുടെ മൊഴിയില്‍ തള്ളുന്നു.

• കളക്ടറുമായി നവീൻ ബാബുവിന് യാതൊരു ആത്മബന്ധവുമുണ്ടായിരുന്നില്ലെന്ന് അദ്ദേഹത്തിന്റെ ഭാര്യ മഞ്ജുഷയുടെ മൊഴി

• എ.ഡി.എമ്മിന് വീഴ്ച പറ്റിയില്ലെന്ന് പ്രാഥമിക റിപ്പോർട്ട് നല്‍കിയതിനു ശേഷമാണ് എ.ഡി.എം തെറ്റു പറ്റിയെന്ന് സമ്മതിച്ചതായി പിന്നീട് കോടതിയില്‍ കളക്ടർ മൊഴി നല്‍കിയത്. ഈ മൊഴിയാണ് പി.പി. ദിവ്യ ജാമ്യാപേക്ഷയില്‍ പ്രധാന വാദമായി ഉയർത്തിയത്.

വളരെ പുതിയ വളരെ പഴയ