ഓടിക്കൊണ്ടിരുന്ന കാർ കിണറ്റിലേക്കു വീണു, നവദമ്പതികൾ രക്ഷപ്പെട്ടത് അത്ഭുതകരമായി

 


ഓടിക്കൊണ്ടിരുന്ന കാർ കിണറ്റിലേക്കു വീണുണ്ടായ അപകടത്തിൽ നവദമ്പതികൾ രക്ഷപ്പെട്ടത് അത്ഭുതകരമായി. എറണാകുളം കോലഞ്ചേരി പാങ്കോട് ചാക്കപ്പൻ കവലയ്ക്കു സമീപമാണ് ഇന്നലെ രാത്രി അപകടം ഉണ്ടായത്. 15 അടി താഴ്ചയുള്ള കിണറ്റിലേക്കാണ് കാർ വീണത്. കൊട്ടാരക്കരയിൽ നിന്നും ആലുവയിലേക്ക് പോകുകയായിരുന്ന ദമ്പതികളാണ് അപകടത്തിൽപ്പെട്ടത് 

ആലുവ കൊമ്പാറ സ്വദേശികളുമായ കാർത്തിക് എം അനിൽ (27), വിസ്മയ (26), എന്നിവരാണ് കാറിലുണ്ടായിരുന്നത്. കാർ വീഴുമ്പോൾ കിണറ്റിൽ 5 അടി ഉയരത്തിൽ വെള്ളമുണ്ടായിരുന്നു. കാർ റോഡിലെ ചപ്പാത്തിൽ ഇറങ്ങിയപ്പോൾ നിയന്ത്രണം വിടുകയായിരുന്നു. തുടർന്ന് കിണറിന്റെ സംരക്ഷണ ഭിത്തി തകർത്ത് കാർ ഉള്ളിലേക്ക് വീണു. കിണറിൽ വെള്ളം കുറവായതിനാലാണ് വൻ ദുരന്തം ഒഴിവായത്.

അപകടം നടന്നതിനു പിന്നാലെ ദമ്പതികൾക്ക് കാറിന്റെ ഡോർ തുറക്കാൻ സാധിച്ചതിനാൽ രക്ഷാപ്രവർത്തനം എളുപ്പമായി. നാട്ടുകാരുടെയും പട്ടിമറ്റം അഗ്നിരക്ഷാ നിലയത്തിലെ ജീവനക്കാരുടെയും സഹായത്തോടെ യാത്രക്കാരെ പുറത്തെടുക്കുകയായിരുന്നു. ഇരുവരുടെയും പരുക്ക് ഗുരുതമല്ല. കാറിന് സാരമായ കേടുപാടുകളുണ്ട്. കാർ പിന്നീട് ക്രൈയിൻ ഉപയോഗിച്ച് പുറത്തെടുത്തു.

വളരെ പുതിയ വളരെ പഴയ