തിരുവനന്തപുരം: ശബരിമല തീർഥാടനം അട്ടിമറിക്കാൻ നീക്കം നടക്കുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്. സ്‌പോട്ട് ബുക്കിങ് വിവാദത്തില്‍ ശബരിമല വീണ്ടും സംഘര്‍ഷഭൂമിയായേക്കുമെന്ന് റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകുന്നു. ശബരിമല ഒരു രാഷ്ട്രീയ ആയുധമാക്കാൻ വിവിധ സംഘടനകൾ ലക്ഷ്യമിടുന്നുവെന്നും ഇത് സർക്കാരിന് തിരിച്ചടിയാകുമെന്നും ഇന്റലിജൻസ് ചൂണ്ടിക്കാണിക്കുന്നു.
സ്ത്രീപ്രവേശന വിധിയെ തുടര്‍ന്ന് ഉടലെടുത്തതുപോലൊരു പ്രതിസന്ധി സ്‌പോട്ട് ബുക്കിങ് വിവാദത്തിലും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കാണിച്ചാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നൽകിയത്. ശബരിമലയില്‍ സ്ത്രീ പ്രവേശന വിധിയെ തുടര്‍ന്ന് ഉടലെടുത്ത പ്രതിഷേധം സംഘപരിവാര്‍ സംഘടനകള്‍ ഏറ്റെടുത്തതോടെ പലതവണ സന്നിധാനമുള്‍പ്പെടെ പ്രദേശങ്ങളിൽ പ്രതിഷേധമുണ്ടായിരുന്നു. സ്‌പോട്ട് ബുക്കിങ് ഒഴിവാക്കി വെര്‍ച്വല്‍ ക്യൂ മാത്രമാക്കിയാല്‍ സംഘപരിവാര്‍ സംഘടനകള്‍ സമാനമായ സമരമൊരുങ്ങുമെന്നാണ് റിപ്പോര്‍ട്ട്.
ഓണ്‍ലൈന്‍ ബുക്കിങ് മാത്രം മതിയെന്ന തീരുമാനം ഭക്തരെ ശബരിമലയില്‍ നിന്ന് അകറ്റാനാണ് എന്ന പ്രചാരണം ബിജെപി ഉള്‍പ്പെടെയുള്ളവർ ഉയര്‍ത്തിക്കഴിഞ്ഞിട്ടുണ്ട്. മണ്ഡലകാലം അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ ശ്രമമായി ഇതിനെ വ്യാഖ്യാനിക്കപ്പെട്ടാല്‍ പ്രതിപക്ഷവും രാഷ്ട്രീയമായി ഇടപെടും. പ്രതിസന്ധി ഒഴിവാക്കാന്‍ പമ്പ, നിലയ്ക്കല്‍, എരുമേലി എന്നിവിടങ്ങളില്‍ സ്‌പോട്ട് ബുക്കിങ് പോലെ സൗകര്യം ഒരുക്കിയില്ലെങ്കില്‍ പ്രതിഷേധത്തിന് കളമൊരുങ്ങുമെന്നാണ് റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നു.
അതേസമയം ശബരിമല ദർശനത്തിന് സ്പോട്ട് ബുക്കിങ് ഒഴിവാക്കിയത് തിരുവിതാംകൂർ ദേവസ്വം ബോർഡ് പുനഃപരിശോധിച്ചേക്കും. വ്രതം നോറ്റെത്തുന്ന ഒരുഭക്തനും അയ്യപ്പദർശനം കിട്ടാതെ മടങ്ങേണ്ടിവരില്ലെന്ന് ഉറപ്പാക്കുമെന്നും സർക്കാരുമായി ആലോചിച്ച് ക്രമീകരണം ഒരുക്കുമെന്നും ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് പറഞ്ഞു. 2023ല്‍ മൂന്ന് ലക്ഷത്തിലധികം പേരായിരുന്നു സ്‌പോട്ട് ബുക്കിങ് വഴി ബുക്ക് ചെയ്തത്. 2023- 24 ല്‍ അത് നാലുലക്ഷമായി. ശബരിമലയില്‍ ദര്‍ശന സമയം പുനഃക്രമീകരിച്ചു. പുലര്‍ച്ചെ മൂന്ന് മുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെയായിരിക്കും. ശേഷം മൂന്നുമുതല്‍ രാത്രി 11 മണിവരെയായിരിക്കും ദര്‍ശന സയമം.