കഥാകൃത്ത് എം ടി വാസുദേവൻ നായരുടെ വീട്ടിലെ മോഷണം: പ്രതി വേലക്കാരി, മോഷണ മുതലിന്റെ ഒരു ഭാഗം കണ്ടെടുത്തു

 


കോഴിക്കോട്: എം ടി വാസുദേവൻ നായരുടെ വീട്ടിലെ ആഭരണങ്ങൾ മോഷ്ടിച്ച പ്രതികളുമായുള്ള തെളിവെടുപ്പ് പൂർത്തിയായി. മോഷ്ടിച്ച ആഭരണങ്ങൾ വിൽപ്പന നടത്തിയ കോഴിക്കോട്ടെ മൂന്ന് കടകളിലായിരുന്നു തെളിവെടുപ്പ്. തൊണ്ടിമുതലിന്റെ ഒരു ഭാഗം കണ്ടെടുത്തു. പ്രതികളായ പാചകക്കാരി ശാന്ത ഇവരുടെ അകന്ന ബന്ധു കൂടിയായ പ്രകാശൻ എന്നിവരുമായാണ് കമ്മത്ത് ലൈനിലെ മൂന്നു കടകളിൽ പൊലീസ് തെളിവെടുപ്പ് നടത്തിയത്. ഈ കടകളിലാണ് മോഷ്ടിച്ച സ്വർണ്ണം വിറ്റതെന്ന് പ്രതികൾ നേരത്തെ നടക്കാവ് പൊലീസിന് മൊഴി നൽകിയിരുന്നു.

തൊണ്ടി മുതലിൻ്റെ ഒരു ഭാഗം കിട്ടിയെന്ന് പൊലീസ് അറിയിച്ചു. നാലുവർഷക്കാലയളവിലായിരുന്നു വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങൾ ഘട്ടം ഘട്ടമായി പാചകക്കാരി ശാന്ത എടുക്കുകയും വിൽപന നടത്താനായി പ്രകാശന് കൈമാറുകയും ചെയ്‌തത്‌. വിൽപ്പന നടത്തിയ ചില ആഭരണങ്ങൾ കടക്കാർ ഉരുക്കിമാറ്റുകയോ മറ്റുള്ളവർക്ക് മറിച്ചു വിൽപ്പന നടത്തുകയോ ചെയ്തിട്ടുണ്ട്.

അതു കൊണ്ട് തന്നെ മുഴുവൻ സ്വർണ്ണവും കണ്ടെടുക്കുക പൊലീസിന് ബുദ്ധിമുട്ടാകും. രണ്ടു ദിവസത്തെ കസ്റ്റഡിയിലാണ് പ്രതികളെ പൊലീസിന് ലഭിച്ചിരിക്കുന്നത്. മോഷണത്തിൽ മറ്റാർക്കും പങ്കില്ല. വസ്ത്രം കൊണ്ടു വയ്ക്കാനും സഹായത്തിനുമായി എംടിയുടെ വീട്ടിലെ മുകളിലത്തെ നിലയിലെ മുറിയിൽ പലപ്പോഴായി പ്രവേശിക്കാറുള്ള ശാന്ത അലമാരയുടെ താക്കോൽ ഉപയോഗിച്ച് തുറന്നാണ് വളയും മോതിരവുമൊക്കെ എടുത്തിരുന്നത്.

കഴിഞ്ഞ മാസമാണ് കൂടുതൽ ആഭരണങ്ങൾ നഷ്ട‌മായത്. ഇതോടെയാണ് വീട്ടുകാരിൽ സംശയം ജനിച്ചത്. മകൾ ലോക്കറിലേക്ക് ആഭരണങ്ങൾ മാറ്റി എന്നായിരുന്നു ആദ്യം കരുതിയതെങ്കിലും മോഷണം നടന്നു എന്ന് പിന്നീട് വ്യക്തമാവുകയായിരുന്നു. അലമാരയുടെ പൂട്ടുപൊളിക്കുകയോ മറ്റോ ചെയ്യാത്തതിനാൽ വീട്ടുകാരുമായി അടുപ്പമുള്ളവരെയും വന്നുപോയവരെയും കേന്ദ്രീകരിച്ചായിരുന്നു തുടക്കം മുതൽ പൊലീസ് അന്വേഷണം.

വളരെ പുതിയ വളരെ പഴയ