ന്യൂഡല്‍ഹി: രാജ്യത്തെ ദേശീയപാതകളില്‍ വമ്പന്‍ മാറ്റത്തിന് കളമൊരുങ്ങുന്നു. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ ഹംസഫര്‍ പദ്ധതിയുടെ ഭാഗമായി മുഖം മിനുക്കാന്‍ ഒരുങ്ങുകയാണ് ദേശീയപാതകള്‍. ദേശീയ പാതകള്‍ കൂടുതല്‍ ഉപയോക്തൃ സൗഹൃദമാക്കുക, എല്ലാവര്‍ക്കും സുഗമമായി സുരക്ഷിതമായി ഹൈവേകള്‍ ഉപയോഗിക്കാന്‍ സാധിക്കുക തുടങ്ങിയവ ഉറപ്പാക്കുകയാണ് നയത്തിന്റെ ഉദ്ദേശം.
ഹംസഫര്‍ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത് ദേശീയപാതകളുടെ മുഖംമിനുക്കല്‍ മാത്രമല്ല മറിച്ച് മൊത്തം ശൃംഖലയുടെ നവീകരണമാണ്.പദ്ധതിയുടെ ഭാഗമായി കൃത്യമായ ഇടവേളകളില്‍ ദേശീയ പാതകളില്‍ ശുചിത്വമുള്ള ടോയ്ലെറ്റുകള്‍ സ്ഥാപിക്കും. ഇവ നന്നായി പരിപാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുമെന്നതാണ് നയത്തിന്റെ പ്രത്യേകത. ഇത്തരത്തില്‍ സ്ഥാപിക്കുന്ന ടോയ്ലെറ്റുകള്‍ ഭിന്നശേഷി സൗഹൃദമാക്കും.
കൃത്യമായ ഇടവേളകളില്‍ ഹൈവേകളില്‍ ഭക്ഷണശാലകളും ഫുഡ് കോര്‍ട്ടുകളും സ്ഥാപിക്കും. യാത്രക്കാര്‍ക്ക് ഗുണനിലവാരമുള്ള ഭക്ഷണം ഉറപ്പാക്കുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.
ഹൈവേകളിലെ പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ ഇ.വി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുകയെന്നതാണ് മറ്റൊരു നീക്കം. പരിസ്ഥിതി സൗഹൃദ യാത്രകള്‍ കൂടുതല്‍ പ്രോത്സാഹിപ്പിക്കുകയെന്നതാണ് ലക്ഷ്യമിടുന്നത്. പെട്രോള്‍ പമ്പുകളിലും വിശ്രമകേന്ദ്രങ്ങളിലും മതിയായ പാര്‍ക്കിംഗ് സൗകര്യങ്ങള്‍ സ്ഥാപിക്കും. അതോടൊപ്പം തന്നെ അപകടങ്ങള്‍ കുറയ്ക്കാനുള്ള നീക്കത്തിന്റെ ഭാഗമായി കൂടുതല്‍ വിശ്രമ മുറികളുടെ ഒരു ശൃംഖല തന്നെ സ്ഥാപിക്കാനും ഉദ്ദേശിക്കുന്നുണ്ട്.
ട്രക്ക് ഡ്രൈവര്‍മാര്‍ക്കും ദീര്‍ഘദൂര യാത്രകളില്‍ വിശ്രമം ആവശ്യമുള്ളവര്‍ക്കും ഹ്രസ്വകാല താമസസൗകര്യം നല്‍കുന്നതിനായി പെട്രോള്‍ പമ്പുകളില്‍ ഡോര്‍മിറ്ററികള്‍ ആരംഭിക്കും.
ദേശീയപാതകള്‍ വഴിയുള്ള യാത്ര കൂടുതല്‍ സുരക്ഷിതവും ഒപ്പം മനോഹരമായ അനുഭവമാക്കി മാറ്റുക എന്നതുമാണ് ലക്ഷ്യമിടുന്നത്.