സംസ്ഥാനത്ത് വെര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പ് തുടരുന്നു. കണ്ണൂരില്‍ രണ്ട് പേരില്‍ നിന്നായി തട്ടിയെടുത്തത് 3.43 കോടി രൂപയാണ്. മോറാഴയിലെ ഭാര്‍ഗവന്‍, തളിപ്പറമ്പ് നഗരസഭ ഓഫിസിന് സമീപത്തെ ഡോ. ഉഷ വി. നായര്‍ എന്നിവരാണ് തട്ടിപ്പിന് ഇരയായത്.സിബിഐ ഓഫീസറാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. ഭാര്‍ഗവന്റെ 3.15 കോടി രൂപയും ഉഷ വി. നായരുടെ 28 ലക്ഷം രൂപയും നഷ്ടമായി. ഭാര്‍ഗവനെ കഴിഞ്ഞ മാസം 19 മുതല്‍ ഒക്ടോബര്‍ 3 വരെ വെര്‍ച്വല്‍ കസ്റ്റഡിയിലാണെന്ന് പറഞ്ഞ് കബളിപ്പിച്ചുവെന്നാണ് പരാതി. കൊല്‍ക്കത്തയിലെ അക്കൗണ്ടിലേക്കാണ് പണം നല്‍കിയത്.
എന്താണ് ഈ വെര്‍ച്വല്‍ അറസ്റ്റ് അല്ലെങ്കില്‍ ഡിജിറ്റല്‍ അറസ്റ്റ്?
പെട്ടെന്ന് നിങ്ങളുടെ ഫോണിലേക്കൊരു കോള്‍ വരുന്നു. അപ്പുറത്തുള്ള ആള്‍ പൊലീസ്, സിബിഐ, എന്‍ഐഎ, ഇഡി, എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥന്‍ എന്നിങ്ങനെയൊക്കെ പറഞ്ഞാണ് സ്വയം പരിചയപ്പെടുത്തുക. പിന്നാലെ നടന്നിട്ടുപോലുമില്ലാത്ത വലിയ സാമ്പത്തിക തട്ടിപ്പിന്റെ കഥയിറക്കുന്നു. അല്ലെങ്കില്‍ നിങ്ങളുടെ പേരില്‍ കള്ളക്കടത്ത് വസ്തുക്കള്‍, മയക്കുമരുന്ന് എന്നിവ എത്തിയിട്ടുണ്ടെന്ന് ആരോപിക്കുന്നു. പേടിക്കേണ്ട, ഇത് കേസാകുന്നതിന് മുന്‍പ് തന്നെ ഒത്തുതീര്‍പ്പാക്കാമെന്നും പറയുന്നു. ഇക്കാര്യം സംസാരിക്കാന്‍ സ്‌കൈപ്പോ മ്യൂളോ പോലുള്ള ഏതെങ്കിലും വീഡിയോ ചാറ്റ് സംവിധാനമായിരിക്കും ഉപയോഗിക്കുക. മറുപുറത്തുള്ളയാളുടെ ആധികാരികത തെളിയിക്കാന്‍ ഐഡികാര്‍ഡും ഫുള്‍ യൂണിഫോമും ഓഫീസും വരെ തയ്യാറായിരിക്കും. ഇതിനായി എഐ സാങ്കേതിക വിദ്യയെ വരെ ഇവര്‍ ഉപയോഗിക്കാറുണ്ട്. ഇവരെ വിശ്വസിച്ച് നിങ്ങള്‍ ഭയപ്പെടുന്നതോടെ തട്ടിപ്പുകാര്‍ വിജയിച്ചുകഴിഞ്ഞു. പണം നല്‍കുന്നത് വരെ ആ ചാറ്റ് വിട്ടുപോകാന്‍ നിങ്ങള്‍ക്ക് അനുവാദമുണ്ടായിരിക്കില്ല. ഇതാണ് വെര്‍ച്വല്‍ അറസ്റ്റ്.