Zygo-Ad

ദീപക്കിന്റെ മരണം: ആരോപണമുന്നയിച്ച യുവതി ഒളിവിലെന്ന് സൂചന; ഇൻസ്റ്റാഗ്രാം വിവരങ്ങൾ തേടി പോലീസ്

 


കോഴിക്കോട്: ഇൻസ്റ്റാഗ്രാം റീലിലൂടെ ലൈംഗിക അതിക്രമ ആരോപണം നേരിട്ടതിനെത്തുടർന്ന് ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയായ യുവതി ഒളിവിലെന്ന് സൂചന. വടകര സ്വദേശി ഷിംജിത മുസ്തഫയെ കണ്ടെത്താനായി കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് തിരച്ചിൽ ഊർജിതമാക്കി.

ദീപക്കിന്റെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി യുവതിക്കെതിരെ പുതിയ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസ് എടുത്തതിന് പിന്നാലെ യുവതി ഒളിവിൽ പോയതായാണ് പോലീസ് നിഗമനം.

സംഭവത്തിൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാനാണ് പോലീസ് നീക്കം.ദൃശ്യങ്ങൾ പകർത്താൻ ഉപയോഗിച്ച മൊബൈൽ ഫോൺ കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുന്നു.

 യുവതിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വിവരങ്ങൾ ശേഖരിക്കാൻ സൈബർ പോലീസിന്റെ സഹായം തേടി. സോഷ്യൽ മീഡിയയിൽ വിമർശനം കടുത്തതോടെ യുവതി തന്റെ അക്കൗണ്ടുകൾ നീക്കം ചെയ്തിരുന്നു.

   ബസ് യാത്രയ്ക്കിടെ ഉണ്ടായ സംഭവം വടകര പോലീസിൽ അറിയിച്ചിരുന്നു എന്ന യുവതിയുടെ വാദം തെറ്റാണെന്ന് വടകര ഇൻസ്പെക്ടർ വ്യക്തമാക്കി.

മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ

സംഭവത്തിന്റെ ഗൗരവം പരിഗണിച്ച് ഉത്തരമേഖലാ ഡിഐജി നേരിട്ട് അന്വേഷണം നടത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. ഒരാഴ്ചയ്ക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം.

വസ്തുതാവിരുദ്ധമായ ആരോപണങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കപ്പെട്ടതിൽ മനംനൊന്താണ് ദീപക് ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിക്കുന്നു. വീഡിയോ വൈറലായതോടെ ദീപക് കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്ന് സുഹൃത്തുക്കളും മൊഴി നൽകിയിട്ടുണ്ട്.




വളരെ പുതിയ വളരെ പഴയ