Zygo-Ad

ശബരിമല സ്വർണ്ണക്കൊള്ള: ദേവസ്വം ബോർഡ് ആസ്ഥാനത്തും പ്രതികളുടെ വീടുകളിലും ഇഡി റെയ്ഡ്

 


തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ നിർണ്ണായക നീക്കവുമായി എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്തും കേസിൽ പ്രതികളായവരുടെ വീടുകളിലും സ്ഥാപനങ്ങളിലുമായി 21 ഇടങ്ങളിൽ ഒരേസമയം പരിശോധന തുടരുന്നു. കേസിൽ എൻഫോഴ്സ്‌മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് (ECIR) രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് ഈ വൻ നീക്കം.

  കേരളത്തിന് പുറമെ ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലും റെയ്ഡ് നടക്കുന്നുണ്ട്. ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയാണ് ഇഡി സംഘം നീങ്ങുന്നത്.

  പ്രതികളുടെ വീടുകളിൽ: തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമാരായ എ. പത്മകുമാറിന്റെ ആറന്മുളയിലെ വീട്ടിലും, എൻ. വാസുവിന്റെ പേട്ടയിലെ വീട്ടിലും പരിശോധന നടക്കുന്നു. കൂടാതെ ഉണ്ണികൃഷ്ണൻ പോറ്റി, മുരാരി ബാബു, സ്വർണ്ണവ്യാപാരി ഗോവർദ്ധൻ എന്നിവരുടെ വീടുകളിലും ഉദ്യോഗസ്ഥർ എത്തിയിട്ടുണ്ട്.

  ദേവസ്വം ആസ്ഥാനത്ത്: തിരുവനന്തപുരത്തെ ദേവസ്വം ബോർഡ് ആസ്ഥാനത്തും സ്മാർട്ട് ക്രിയേഷൻസ് എന്ന സ്ഥാപനത്തിലും പരിശോധന തുടരുകയാണ്.

  ലക്ഷ്യം: പ്രതികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും സാമ്പത്തിക ഇടപാടുകളും കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യം. ക്രമക്കേടുകൾ വ്യക്തമായാൽ പ്രതികളുടെ സ്വത്തുക്കൾ മരവിപ്പിക്കുന്നത് ഉൾപ്പെടെയുള്ള കർശന നടപടികളിലേക്ക് ഇഡി കടക്കും.

സംസ്ഥാനത്തെ പിടിച്ചുകുലുക്കിയ സ്വർണ്ണക്കൊള്ള കേസിൽ കേന്ദ്ര ഏജൻസി നേരിട്ട് അന്വേഷണം ഏറ്റെടുത്തതോടെ വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടായേക്കുമെന്നാണ് സൂചന.




വളരെ പുതിയ വളരെ പഴയ