കൊച്ചി : എറണാകുളം കളമശേരിയില്‍ ആളില്ലാത്ത സമയത്തെത്തി ബാങ്ക് ഉദ്യോഗസ്ഥർ വീട് ജപ്തി ചെയ്തതോടെ പെരുവഴിയിലായി കുടുംബം.
കൊവിഡില്‍ മടങ്ങി വന്ന പ്രവാസിയായ അജയന്റെ കുടുംബമാണ് പ്രതിസന്ധിയിലായത്. വീട്ടില്‍ ആരുമില്ലാത്ത സമയത്ത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അധികൃതർ വീട്ടിലെത്തി ജപ്തി ചെയ്ത് പോകുകയായിരുന്നുവെന്ന് കുടുംബം പറഞ്ഞു.
വീട്ടില്‍ ആളില്ലാത്തതിനാല്‍ വീട് കുത്തിത്തുറന്നാണ് എസ് ബി ഐ അധികൃതർ വീടിനുളളില്‍ കയറിയത്. രാവിലെ ജോലിക്ക് പോയ ഭാര്യയും ഭർത്താവും പഠിക്കുന്ന മക്കളും തിരികെയെത്തിയപ്പോഴാണ് ഗേറ്റടക്കം ബാങ്ക് പൂട്ടിയിരിക്കുന്നത് കണ്ടത്. വസ്ത്രങ്ങളടക്കം എല്ലാ സാധനങ്ങളും വീടിനുളളിലാണുളളത്. പൂട്ടിയ വീടിനുളളില്‍ കയറാനാകാതെ പുറത്ത് നില്‍ക്കുകയാണ് അജയനും ഭാര്യയും കുട്ടികളും.
എസ് ബി ഐയുടെ എംജി റോഡ് ശാഖയില്‍ നിന്ന് 2014 ലാണ് അജയൻ 27 ലക്ഷം ലോണ്‍ എടുത്തത്. ബെഹ്റിനില്‍ ജോലി ചെയ്യവേ 14 ലക്ഷം തിരിച്ചു അടച്ചു. പ്രവാസിയായിരുന്ന അജയന് കോവിഡില്‍ ഗള്‍ഫിലെ ജോലി നഷ്ടം ആയി. പിന്നീട് നാട്ടിലേക്ക് മടങ്ങി. ഈ സമയത്ത് ലോണ്‍ തിരിച്ചടവ് മുടങ്ങി.ഇതോടെയാണ് ലോണ്‍ തിരിച്ചടവ് പ്രതിസന്ധിയിലായത്.
വീട് വിറ്റെങ്കിലും പണം തിരിച്ചടക്കാമെന്ന് കരുതിയതായിരുന്നുവെന്നും സാവകാശം ചോദിച്ചിരുന്നുവെന്നും കുടുംബം പറയുന്നു. 33 ലക്ഷം നല്‍കി ഒറ്റത്തവണ തീർപ്പാക്കലിന് ബാങ്കിനോട് അനുമതി തേടിയിരുന്നു. വീടിന് സമീപത്തെ ക്ഷേത്ര കമ്മിറ്റി കൂടി ഇടപെട്ടായിരുന്നു ഈ നീക്കം. ബാങ്ക് അധികൃതർ ഉറപ്പ് നല്‍കിയത് അനുസരിച്ച് 5 ലക്ഷം അടച്ചു. എന്നാല്‍ ഒരു മാസത്തിന് ശേഷം 33 ലക്ഷം നല്‍കിയുളള ഒറ്റത്തവണ തീർപ്പാക്കലിന് പറ്റില്ലെന്നും മുഴുവൻ തുകയും അടക്കണമെന്നും ബാങ്ക് ഉദ്യോഗസ്ഥർ പറയുകയായിരുന്നു. 50 ലക്ഷം അടക്കാനാണ് പറയുന്നത്. വീട് വിറ്റാല്‍ പോലും ഇത്രയും പണം കിട്ടില്ലെന്നും കുടുംബം പറയുന്നു.