കോഴിക്കോട് വൻ രാസലഹരി വേട്ട: മൂന്ന് യുവാക്കൾ പിടിയിൽ

 


കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ പിടിയിലായത് അന്യ സംസ്ഥാനങ്ങളില്‍ നിന്നും കടത്തിയ ഇരുനൂറ്റി ഇരുപത് ഗ്രാം മെത്തഫിറ്റമിന്‍ എന്ന രാസ ലഹരിയുമായാണ് മൂന്ന് യുവാക്കള്‍ പിടിയിലായത്. 

 മയക്കുമരുന്ന് ചില്ലറ വില്പന നടത്തുന്ന സംഘമാണിവർ.

എക്സൈസ് കോഴിക്കോട് ഇന്‍റലിജന്‍സ് വിഭാഗത്തിന് കിട്ടിയ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പുതിയ ബസ്റ്റ്സ്റ്റാന്‍റ് പരിസരത്തായിരുന്നു പരിശോധന. മലപ്പുറം ആതവനാട് കരിപ്പോള്‍ സ്വദേശികളായ പി.പി അജ്മല്‍, മുനവീര്‍ കെ.പി എന്നിവരും കാടാമ്പുഴ സ്വദേശി ലിബ്ലി സനാസുമാണ് മാരക രാസ ലഹരിയായ മെത്താഫിറ്റമിനുമായി പിടിയിലായത്.

കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ഇവർ കൂടുതലായും വില്‍പ്പന നടത്തിയിരുന്നത്. ഇതിന് മുമ്പും രാസലഹരി കടത്തിയ പ്രതികള്‍ക്കെതിരെ മയക്കുമരുന്ന് കേസുകളും നിലവിലുണ്ടെന്ന് എക്സൈസ് അന്വേഷണ സംഘം വ്യക്തമാക്കി. വിപണിയില്‍ അനധികൃതമായി കൂടുതലായും വില്‍ക്കുന്നത് മെത്താഫിറ്റമിന്‍ ക്രിസ്റ്റല്‍ വൈറ്റ്, ബ്രൗണ്‍ നിറങ്ങളിലാണ്.

പ്രതികളെല്ലാവരും ഇരുപത്തഞ്ച് വയസ്സില്‍ താഴെ പ്രായമുള്ളവരാണ്. പിടിയിലായ പ്രതികള്‍ ബെംഗളൂരുവില്‍ നിന്ന് മയക്കുമരുന്ന് എത്തിച്ച്‌ ചില്ലറ വിതരണം നടത്തുന്നവരാണെന്ന് എക്സൈസ് അറിയിച്ചു. ബെംഗളുരുവില്‍ നിന്ന് മൂന്ന് ലക്ഷം രൂപക്ക് വാങ്ങുന്ന മയക്കുമരുന്ന് പന്ത്രണ്ട് ലക്ഷത്തോളം രൂപക്കാണ് ഇവര്‍ ചില്ലറ വിപണിയില്‍ വില്‍ക്കുന്നത്. 

പ്രതികളില്‍ നിന്ന് ക്രിസ്റ്റല്‍ വൈറ്റ് നിറത്തിലുള്ള ലഹരി പദാര്‍ത്ഥമാണ് പിടികൂടിയത്. ഒരു ഗ്രാമിന് നാലായിരം രൂപ വരെ ഈടാക്കുന്ന ഈ ലഹരിക്ക് ആവശ്യക്കാർ ഏറെയാണ്. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റസമ്മതം നടത്തിയതായും പിടിച്ചെടുത്ത രാസ ലഹരിയുടെ തൂക്കം പരിശോധിക്കുമ്പോള്‍ ഇരുപത് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിതെന്നും എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

വളരെ പുതിയ വളരെ പഴയ