കൊച്ചി: ഗുണനിലവാരമില്ലാത്ത പെയിന്റ് നല്കി കബളിപ്പിച്ചെന്ന പരാതിയില്‍ ബര്‍ജര്‍ പെയിന്റ് കമ്പനിക്ക് 3.5 ലക്ഷം രൂപ പിഴയിട്ട് എറണാകുളം ജില്ലാ തര്‍ക്ക പരിഹാര കമ്മീഷന്.
മതിലില്‍ അടിച്ച പെയിന്റ് മാസങ്ങള്‍ക്കകം ഇളകി പോയെന്ന് എറണാകുളം കോതമംഗലം സ്വദേശി ടി.എം മൊയ്തീന് സമര്‍പ്പിച്ച പരാതിയിലാണ് നടപടി. വാറണ്ടി കാലാവധി തീരും മുന്നേ പെയിന്റ് ഇളകി പോയതിനാല്‍ ഇദ്ദേഹം കോടതിയെ സമീപിക്കുകയായിരുന്നു.
കോതമംഗലത്തെ വിബ്ജോര്‍ പെയിന്റ്സ് എന്ന സ്ഥാപനത്തില്‍ നിന്നും ഒരു വര്‍ഷത്തെ വാറണ്ടിയോടെയാണ് ബര്‍ജര്‍ പെയിന്റ് പരാതിക്കാരന് വാങ്ങിയത്. ഒരു വര്‍ഷമാണ് വാറണ്ടി പിരീഡ് നല്‍കിയത്. എന്നാല്‍ മാസങ്ങള്‍ക്കകം പെയിന്റ് പൊളിഞ്ഞു പോകാന്‍ തുടങ്ങി. ഇതോടെ ഡീലറെ സമീപിച്ചു പരാതി പറഞ്ഞു. ഇതോടെ നിര്‍മ്മാണ കമ്പനിയുടെ പ്രതിനിധി വന്ന് പരിശോധിക്കുകയും എന്നാല്‍ യാതൊരു വിധ തുടര്‍ നടപടികളും പിന്നീട് ഉണ്ടായില്ലെന്നും പരാതിക്കാരന് പറയുന്നു.
ഇതോടെയാണ് മൊയ്തീന് ഉപഭോക്തൃ കമ്മീഷനെ സമീപിച്ച് പരാതി നല്‍കിയത്. പെയിന്റ് വിലയും റിപ്പയറിങ് ചാര്‍ജും നഷ്ടപരിഹാരവും നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് പരാതിക്കാരന് ഉപഭോക്തൃ കമ്മിഷനെ സമീപിച്ചത്. ഇതോടെ കേസുമായി കമ്പനി അധികൃതരും രംഗത്തെത്തി. ഭിത്തിയില്‍ ഈര്‍പ്പമുള്ളത് മൂലമാണ് ഇത് സംഭവിച്ചതെന്നും ഉപ്പു രസം ഉണ്ടെങ്കില്‍ ഇത്തരം പ്രതിഭാസം ഉണ്ടാകുമെന്നും ഉല്‍പ്പന്നത്തിന്റെ ന്യൂനതയല്ല, അതിനാല്‍ വാറണ്ടിയുടെ പരിധിയില്‍ വരുന്നതല്ല എന്നുമാണ് എതിര്‍കക്ഷി കോടതി മുമ്പാകെ ബോധിപ്പിച്ചത്.
എന്നാൽ പെയിന്റ് വിറ്റത് തങ്ങള്‍ ആണെങ്കിലും അതിന്റെ നിലവാരത്തില്‍ യാതൊരു ഉത്തരവാദിത്വവും ഇല്ലെന്നും നിര്‍മ്മാതാക്കളാണ് നഷ്ടപരിഹാരം നല്‍കേണ്ടതെന്നും ഡീലര്‍ ബോധിപ്പിച്ചു. ഗുണനിലവാരമില്ലാത്ത എമല്‍ഷന്‍ ഉപയോഗിച്ചതു മൂലമാണ് പെയിന്റ് പൊളിഞ്ഞു പോയതെന്ന് കോടതി നിയോഗിച്ച വിദഗ്ധ കമ്മീഷന് റിപ്പോര്‍ട്ട് നല്കി.
പെയിന്റ് ചെയ്ത് ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ അത് പൊളിഞ്ഞു പോയി. എന്നാല്‍, പരാതിപ്പെട്ടപ്പോള്‍ ഫലപ്രദമായി അത് പരിഹരിക്കാന്‍ എതിര്‍കക്ഷികള്‍ തയ്യാറായിരുന്നില്ല.
പെയിന്റിന് ചെലവായ തുകയായ 78,860 രൂപയും അതുമാറ്റി പുതിയ പെയിന്റ് അടിക്കുന്നതിന്റെ ചെലവായ 2,06,979 രൂപയും നഷ്ട പരിഹാരമായി 50,000 രൂപയും 20,000 രൂപ കോടതി ചെലവും ഉപഭോക്താവിന് നല്‍കണമെന്ന് കമ്പനിക്കും ഡീലര്‍ക്കും എറണാകുളം ജില്ല തര്‍ക്ക പരിഹാര കമ്മീഷന് ഉത്തരവിട്ടു.
നിര്‍മ്മാതാക്കളുടെ മോഹിപ്പിക്കുന്ന വാഗ്ദാനങ്ങള്‍ വിശ്വസിച്ച് ഉല്‍പ്പന്നങ്ങള്‍ വാങ്ങിയ ഉപയോക്താക്കള്‍ കബളിപ്പിക്കപ്പെടുമ്പോള്‍ ഇത്തരം അധാര്‍മികമായ വ്യാപാര രീതി അനുവദിക്കാനാവില്ല എന്ന് ഡി.ബി ബിനു അധ്യക്ഷനും വി. രാമചന്ദ്രന്, ടി.എന്‍ ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ ബെഞ്ച് വ്യക്തമാക്കി. പെയിന്റ് വാങ്ങിയ ഇനത്തില്‍ ചെലവായ തുകയടക്കം കോടതി നിർദ്ദേശിച്ച നഷ്ടപരിഹാര തുക മുഴുവനായും,കോടതി ചെലവ് എന്നിവ 30 ദിവസത്തിനകം ഉപഭോക്താവിന് നല്‍കണമെന്ന് എതിര്‍കക്ഷികള്‍ക്ക് നിര്‍ദ്ദേശം നല്കി. പരാതിക്കാര്‍ക്ക് വേണ്ടി അഡ്വ. ടോം ജോസഫ് ഹാജരായി.