ന്യൂഡല്‍ഹി :ജനനത്തീയതി തെളിയിക്കാനുള്ള ആധികാരികമായ രേഖയായി ആധാര്‍ കാര്‍ഡ് ഉപയോഗിക്കാനാകില്ലെന്ന് സുപ്രീം കോടതി. ജസ്റ്റിസുമാരായ സഞ്ജയ് കരോളും ഉജ്ജല്‍ ഭുയാനുമടങ്ങിയ ബെഞ്ചിന്റേതാണ് വിധി. വാഹനാപകടവുമായി ബന്ധപ്പെട്ട കേസുകളില്‍ ആധാറിലെ ജനനത്തീയതി അടിസ്ഥാനമാക്കി നഷ്ടപരിഹാരത്തുക വെട്ടിക്കുറച്ച പഞ്ചാബ്, ഹരിയാന ഹൈക്കോടതികളുടെ വിധിയെ തള്ളിയാണ് സുപ്രീം കോടതിയുടെ ഉത്തരവ്.
ആധാറിന് പകരം സ്‌കൂള്‍ ലീവിങ് സര്‍ട്ടിഫിക്കറ്റ് ജനനത്തീയതി തെളിയിക്കാനായി ഉപയോഗിക്കാം എന്നാണ് കോടതിയുടെ നിരീക്ഷണം. മരിച്ചയാളുടെ പ്രായം നിര്‍ണ്ണയിക്കാന്‍ ആധാര്‍ കാര്‍ഡില്‍ പരാമര്‍ശിച്ചിരിക്കുന്ന ജനനത്തീയതിക്ക് പകരം, നിയമപരമായ അംഗീകാരമുള്ള സ്‌കൂള്‍ ലീവിങ് സര്‍ട്ടിഫിക്കറ്റില്‍ സൂചിപ്പിച്ചിരിക്കുന്ന ജനനത്തീയതിയില്‍ നിന്ന് മരിച്ചയാളുടെ പ്രായം കൂടുതല്‍ ആധികാരികമായി നിര്‍ണയിക്കാമെന്ന് കോടതി നിരീക്ഷിച്ചു. 2015-ലെ ജുവനൈല്‍ ജസ്റ്റിസ് (കുട്ടികളുടെ സംരക്ഷണവും സംരക്ഷണവും) നിയമത്തിന്റെ 94-ാം വകുപ്പ് പ്രകാരമാണ് കോടതിയുടെ ഉത്തരവ്.