കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ അഞ്ചാം നിലയിൽ പാമ്പ് ! ഭയന്ന് രോഗികളും ജീവനക്കാരും

 


കണ്ണൂർ: ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പാമ്പ് ശല്യം പതിവാകുന്നു. അഞ്ചാം നിലയിൽ വരെ പാമ്പുകളെത്തുകയാണ്. ഇന്നലെ നവജാത ശിശുക്കളുടെ ഐസിയുവിനടുത്താണ് പാമ്പിനെ കണ്ടത്. കഴിഞ്ഞ ദിവസം കാർഡിയോളജി വിഭാഗത്തിലുമെത്തി. പരിസരം വൃത്തിയായി സൂക്ഷിക്കാത്തതാണ് പാമ്പുകൾ ആശുപത്രി താവളമാക്കാൻ കാരണമെന്നാണ് പരാതി.

പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയുടെ അഞ്ചാം നിലയിലാണ് നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗം പ്രവർത്തിക്കുന്നത്. അവിടെയാണ് വെളളിവരയൻ പാമ്പിനെ കണ്ടത്. ഐസിയുവിന് പുറത്തെ വരാന്തയാണ് കൂട്ടിരിപ്പുകാർ കിടക്കുന്ന സ്ഥലം. അവരാണ് പാമ്പിനെ കണ്ടത്. ഓടിയെത്തിയവർ പാമ്പിനെ അടിച്ചുകൊന്നത്. പതിനഞ്ച് കുഞ്ഞുങ്ങളും നഴ്സുമാരും ഐസിയുവിലുണ്ടായിരുന്നു.

കഴിഞ്ഞ ദിവസം കാർഡിയോളജി വിഭാഗം സി ബ്ലോക്ക് വാർഡിൽ നിന്നും പാമ്പിനെ പിടികൂടിയിരുന്നു. ആശുപത്രിക്ക് ചുറ്റുപാടുമുളള വളളിപ്പടർപ്പിലൂടെ പാമ്പുകൾ അകത്തുകയറുന്നുവെന്നാണ് കരുതുന്നത്. ഉപയോഗശൂന്യമായ വസ്തുക്കളും മരുന്നുകളും മറ്റും മുകൾ നിലകളിൽ കൂട്ടത്തോടെ ഉപേക്ഷിക്കുന്നുവെന്നും പരാതിയുണ്ട്. ഇഴജന്തുക്കൾ ഇവിടം താവളമാക്കും. പരിഹാരമായില്ലെങ്കിൽ പരിയാരത്തെത്തുന്നവർ പാമ്പിനെയും പേടിക്കണം

വളരെ പുതിയ വളരെ പഴയ