കണ്ണൂർ:അരിയിൽ ഷുക്കൂർ വധകേസ് അടക്കം സിപിഎം നേതൃത്വത്തെ പ്രതിസന്ധിയിലും പ്രതിരോധത്തിലുമാക്കിയ നിരവധി കൊലപാതക കേസുകൾ അന്വേഷിച്ച റിട്ട. ഡിവൈഎസ്പി പി.സുകുമാരൻ ഇനി ബിജെപിക്കാരൻ. ഇന്ന് കണ്ണൂർ മാരാർജി ഭവനിൽ നടന്ന പരിപാടിയിൽ ബിജെപി മുൻ സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരനിൽ നിന്നും പാർട്ടി അംഗത്വം സ്വീകരിച്ചാണ് പി.സുകുമാരൻ രാഷ്ട്രീയത്തിലേക്ക് കാൽവെപ്പു നടത്തിയത്.ഏറെ വിവാദമായ തലശേരി ഫസൽ വധത്തിലും തുടക്കത്തിൽ അന്വേഷണം നടത്തി സിപിഎം നേതൃത്വത്തിലേക്ക് അന്വേഷണം എത്തിച്ചത് അന്ന് സിഐ ആയിരുന്ന പി.സുകുമാരനായിരുന്നു .പാനൂരിലെ ബിജെപി നേതാവ് അഡ്വ.വത്സരാജ കുറുപ്പിൻ്റെ കൊലപാതകത്തിലും സിപിഎമ്മിനെ പ്രതിസന്ധിയിലാക്കിയ അന്വേഷണം നടത്തി വിവാദം സൃഷ്ടിച്ച അന്വേഷണ ഉദ്യോഗസ്ഥനാണ് പി.സുകുമാരൻ. അരിയിൽ ഷുക്കൂർ വധത്തിൽ പ്രതികളുടെ മലദ്വാരത്തിൽ കമ്പി കയറ്റിയാണ് കുറ്റം സമ്മതിപ്പിച്ചതെന്ന ആരോപണം ഉയർത്തിയ ഉദ്യോഗസ്ഥൻ കൂടിയാണ് പി.സുകുമാരൻ.പി.സുകുമാരൻ്റെ ബിജെപി പ്രവേശനം വരും ദിവസങ്ങളിൽ കണ്ണൂർ രാഷ്ട്രീയത്തിൽ വലിയ ചർച്ചയ്ക്ക് സാധ്യത തെളിയിക്കുന്നതാണ്. ഫസൽ, ഷുക്കൂർ വധത്തിലെ അന്തിമ വിചാരണ നടന്നു വരുന്ന ഘട്ടവുമാണിത്.പാർട്ടി പ്രവേശന ചടങ്ങിൽ ബിജെപി ജില്ലാ പ്രസിഡണ്ട് എൻ.ഹരിദാസ് അധ്യക്ഷത വഹിച്ചു.നേതാക്കളായ അഡ്വ.കെ.ശ്രീകാന്ത്, കെ.രഞ്ചിത്ത്, പി. സത്യപ്രകാശ്, ബിജു എളക്കുഴി തുടങ്ങിയവർ സംബന്ധിച്ചു.