കേരളം: നടൻ സിദ്ദിഖിനെതിരായ ബലാത്സംഗക്കേസിൽ അന്വേഷണ സംഘത്തിന് കൂടുതൽ തെളിവുകൾ ലഭിച്ചതായി പൊലീസ് വ്യക്തമാക്കി. സിദ്ദിഖിനെതിരെ സാക്ഷിമൊഴികൾ ലഭിച്ചതായും, സംഭവത്തിനുശേഷം നടി ചികിത്സ തേടിയതിനും മാനസിക സംഘർഷത്തിനും ചികിത്സ തേടിയതിനും തെളിവുകൾ കണ്ടെത്തിയതായും അന്വേഷണ സംഘം അറിയിച്ചു. സംഭവ ദിവസം സിദ്ദിഖ് മാസ്കോട്ട് ഹോട്ടലിൽ താമസിച്ചതിന്റെ രേഖകളും നേരത്തെ കണ്ടെത്തിയിരുന്നു.
യുവ നടി സിദ്ദിഖിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരുന്നത്. സിദ്ദിഖിൽ നിന്നും ലൈംഗികാതിക്രമം നേരിടേണ്ടി വന്നുവെന്നും, സിദ്ദിഖ് ക്രിമിനലാണെന്നും, തന്റെ സമ്മതമില്ലാതെ ശരീരത്തിൽ സ്പർശിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തതായും നടി വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇതിനെതിരെ സിദ്ദിഖ് രംഗത്തെത്തി.
സൂക്ഷമമായി മെനഞ്ഞെടുത്ത കഥയാണ് നടിയുടെ മൊഴിയെന്നായിരുന്നു സിദ്ദിഖിന്‍റെ വാദം. പരാതിക്കാരി പൊലീസിന് നല്‍കിയ മൊഴിയില്‍ വ്യക്തതയില്ലെന്നും, സംഭവത്തിന്‍റെ തീയതി അറിയില്ലെന്ന നടിയുടെ വാദം സംശയകരമാണെന്നും സിദ്ദിഖ് പ്രതികരിച്ചു. കേസിൽ കൂടുതൽ തെളിവുകൾ ശേഖരിച്ചുവരുന്ന അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകൾ കേസിന്റെ തുടർനടപടികളിൽ നിർണായകമാകുമെന്ന് കരുതപ്പെടുന്നു.