കണ്ണൂർ: ഓണത്തിന് ഒരാഴ്ച മാത്രം ബാക്കി നില്‍ക്കെ പച്ചക്കറി വില നിത്യേന ഉയർന്നു തുടങ്ങി. എല്ലാവിധ പച്ചക്കറികള്‍ക്കും വില വർധിച്ചിട്ടുണ്ട്.സവോളയ്ക്കും കാരറ്റിനുമാണ് ഏറ്റവും കൂടുതല്‍ വില വർധിച്ചത്. ഒരാഴ്ചക്കിടെ സവോളയ്ക്ക് 35 രൂപയില്‍ നിന്നും 23 രൂപ വർധിച്ച് 58 രൂപയായി. 60 രൂപ ഉണ്ടായിരുന്ന കാരറ്റിന് 30 രൂപ വർധിച്ച് 90 രൂപയായി. ഇഞ്ചിക്ക്-200, വെളുത്തുളളിക്ക്-300, പയര്‍-75, മുരിങ്ങക്ക-50 എന്നിവയ്ക്കെല്ലാം ഒരാഴ്ചകൊണ്ട് വില വര്‍ധിച്ചിരുന്നു.
ഓണത്തിന് ഏറെ പ്രധാനമായ നേന്ത്രകായ്ക്ക് (പച്ച) 10-15 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇന്നലത്തെ മൊത്തവില 60 രൂപയാണ്. കൃഷി വകുപ്പിന്‍റെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പച്ചക്കറിച്ചന്തകള്‍ തുറന്നിട്ടുണ്ട്. ഇതിനു പുറമേ സഞ്ചരിക്കുന്ന ഹോര്‍ട്ടികോപ് സ്റ്റോറും ഉണ്ട്. ഓണം അടുക്കുന്നതോടെ ഇനിയും വില വർധിക്കാനാണ് സാധ്യതയെന്നാണ് വ്യാപാരികള്‍ പറയുന്നത്.