പിഎൻജി കണക്ഷനുള്ളവർക്ക് ഇനി എൽപിജി ഇല്ല; കടുത്ത നിയന്ത്രണങ്ങളുമായി കേന്ദ്ര മന്ത്രാലയം
byOpen Malayalam Webdesk-
ന്യൂഡൽഹി: രാജ്യത്ത് പാചകവാതക വിതരണത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം. പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് (PNG) കണക്ഷൻ നിലവിലുള്ള ഉപഭോക്താക്കൾക്ക് ഇനി മുതൽ എൽപിജി (LPG) കണക്ഷൻ ഉപയോഗിക്കാൻ അനുവാദമുണ്ടാകില്ല. നിലവിൽ രണ്ട് കണക്ഷനുകളും കൈവശം വെച്ചിട്ടുള്ളവർ എൽപിജി കണക്ഷൻ ഉടൻ ഉപേക്ഷിക്കണമെന്നും മന്ത്രാലയം നിർദ്ദേശിച്ചു.
പശ്ചിമേഷ്യൻ രാജ്യങ്ങളിലെ സംഘർഷം രൂക്ഷമായതിനെത്തുടർന്നുണ്ടായ എൽപിജി ഇറക്കുമതി പ്രതിസന്ധിയാണ് ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് സർക്കാരിനെ നയിച്ചത്. ഒരേസമയം പിഎൻജിയും എൽപിജിയും ഉപയോഗിക്കുന്നത് ഇനി മുതൽ നിയമവിരുദ്ധമായി കണക്കാക്കും. പുതിയ എൽപിജി കണക്ഷനുകൾ അനുവദിക്കുന്നതിനും നിലവിലുള്ള സിലിണ്ടറുകൾ ബുക്ക് ചെയ്യുന്നതിനും ഇടവേളകൾ നിശ്ചയിച്ചുകൊണ്ട് കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
എൽപിജി പ്രതിസന്ധി പരിഹരിക്കുന്നത് വരെ മുൻഗണനാ ക്രമത്തിൽ വിതരണം ക്രമീകരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. പിഎൻജി ലഭ്യമായ നഗരപ്രദേശങ്ങളിൽ എൽപിജി ഒഴിവാക്കുന്നതിലൂടെ ഗ്രാമീണ മേഖലകളിലെ വിതരണം സുഗമമാക്കാൻ സാധിക്കുമെന്നാണ് മന്ത്രാലയത്തിന്റെ വിലയിരുത്തൽ.