കണ്ണൂർ : കാൻസർ മരുന്നുകളുടെ നികുതി കുറയ്ക്കാൻ ജിഎസ്ടി കൗൺസിൽയോഗത്തിൽ തീരുമാനം. ആരോഗ്യ ഇൻഷുറൻസ് പ്രീമിയത്തിന്റെ ജിഎസ്ടി കുറയ്ക്കുന്ന കാര്യത്തിൽ നവംബറിൽ ചേരുന്ന ജിഎസ്ടി കൗൺസിൽ യോഗത്തിൽ തീരുമാനിക്കും. ഇക്കാര്യം പരിശോധിക്കാൻ മന്ത്രിതല സമിതിയെ നിയോഗിച്ചുവെന്നും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. യോഗത്തിനു ശേഷം ധനമന്ത്രി വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.കാൻസർ മരുന്നുകളുടെ നികുതി 12 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറച്ചു. ഏതാനും ലഘു ഭക്ഷണങ്ങളുടേയും ജിഎസ്ടിയിൽ കുറവു വരുത്തിയിട്ടുണ്ട്. ഷെയറിങ് അടിസ്ഥാനത്തിൽ ഉപയോഗിക്കുന്ന ഹെലികോപ്റ്ററുകളുടെ ജിഎസ്എടി അഞ്ച് ശതമാനമായിരിക്കും. കേന്ദ്ര- സംസ്ഥാന സർവകലാശാലകൾക്കുള്ള ജിഎസ്ടി ഒഴിവാക്കി.
ഹെൽത്ത്- ലൈഫ് ഇൻഷുറൻസ് പ്രീമിയത്തിന്റെ ജിഎസ്ടി കുറയ്ക്കുന്നതിൽ തിങ്കളാഴ്ച ചേർന്ന യോഗത്തിൽ വിശാല സമവായത്തിലെത്തിയതായി സൂചനയുണ്ട്. നിലവിൽ 18 ശതമാനമാണ് പ്രീമിയത്തിന്റെ ജിഎസ്ടി.ഓൺലൈൻ ഗെയിമിങിൽ നിന്നുള്ള വരുമാനം 412 ശതമാനം വർധിച്ചു 6,909 കോടിയായി. നികുതി കുറച്ചതോടെയാണ് വരുമാനം വർധിച്ചത്. ആറ് മാസത്തിലാണ് ഈ തുക ലഭിച്ചതെന്നും ധനമന്ത്രി അറിയിച്ചു. യോഗത്തിൽ വിവിധ സംസ്ഥാനങ്ങളിലെ ധന മന്ത്രിമാർ പങ്കെടുത്തു.