തലശ്ശേരി:പുറംകടലിൽ കണ്ടെത്തിയ കാട്ടുപന്നിയെ തീരദേശ പോലീസ് രക്ഷിച്ച് കരയ്ക്കെത്തിച്ചെങ്കിലും ചത്തു. പന്നിയെ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറി. തിങ്കളാഴ്ച ഉച്ചയ്ക്കാണ് സംഭവം. മാഹിയിൽ നിന്ന് ആറ് നോട്ടിക്കൽ മൈൽ അകലെ പുറംകടലിൽ തീരദേശ പോലീസ് പട്രോളിങ് ബോട്ടിലെ ഉദ്യോഗസ്ഥരാണ് പന്നിയെ കണ്ടത്.
കയറിന്റെ കുരുക്കെറിഞ്ഞപ്പോൾ തെന്നിമാറിയ പന്നിയെ വലയിലാക്കി ബോട്ടിൽ തലായി തുറമുഖത്ത് എത്തിച്ചു. കരയിലെത്തി അല്പസമയത്തിനകം ചത്തു. പെരിങ്ങത്തൂർ പുഴയിലൂടെ കടലിൽ എത്തിയതായിരിക്കുമെന്ന് കരുതുന്നതായി തീരദേശ പോലീസ് പറഞ്ഞു. എസ്.ഐ. വി.പുരുഷോത്തമൻ, സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥനായ ഇ.ഷാരോൺ, സി.പി.ഒ.മാരായ പി.ലിജേഷ്, കെ.കെ.നിബു, സ്രാങ്ക് അൻജിത്ത്, കോസ്റ്റൽ വാർഡന്മാരായ എം.നിരഞ്ജൻ, പി.സരോഷ് എന്നിവരാണ് കരയ്ക്കെത്തിച്ചത്.
