കണ്ണൂർ : ഗ്രാമ സ്വരാജ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ സംസ്ഥാനത്തെ മികച്ച അധ്യാപകർക്കുള്ള പുരസ്കാരം പാപ്പിനിശ്ശേരി ഹിദായത്ത് ഹൈസ്കൂൾ പ്രഥമാധ്യാപകൻ സീ കെ അബ്ദുൾ റഹ്‌മാൻ വേങ്ങാടിന് ലഭിച്ചു. വിദ്യാഭ്യാസ മേഖലയിലെ പാഠ്യ- പാഠ്യേതര നൂതന പ്രവർത്തനങ്ങളെ പരിഗണിച്ചാണ് പുരസ്കാരം
2024 - 25 അദ്ധായന വർഷത്തിൽ മൂന്ന് പതിറ്റാണ്ട് കാലത്തെ അധ്യാപക സേവനം പൂർത്തിയാക്കിയ വേളയിലാണ് അധ്യാപക അവാർഡിന് അബ്ദുൾ റഹ്‌മാൻ അർഹനാവുന്നത്.
പാഠ്യ പഠനത്തിൻ്റെ തുല്യ പ്രാധാന്യത്തിൽ പാഠ്യേതര പ്രവർത്തനങ്ങൾക്കും പ്രാമുഖ്യം നൽകിക്കൊണ്ട് വിദ്യാലയത്തിൽ ഒട്ടേറെ പ്രായോഗിക പരിശീലന പ്രവർത്തനങ്ങൾ ഒരു പ്രധാനദ്ധ്യാപകൻ എന്ന നിലയിൽ അദ്ദേഹം നടപ്പിലാക്കിയിട്ടുണ്ട്.
കുട്ടികളിലെ ക്രിയാത്മക ശേഷിയും സർഗ ശേഷിയും കണ്ടെത്താനും അത് പരിപോഷിപ്പിക്കാനും അദ്ദേഹം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ വിവിധ പദ്ധതികൾക്ക് സാധിച്ചിട്ടുണ്ട്.
അധ്യാപകരേയും വിദ്യാർത്ഥികളേയും രക്ഷിതാക്കളേയും ഏകോപിപ്പിച്ച് അധ്യയനം മെച്ചപ്പെടുത്തുന്നതിന് വേണ്ടി സംസ്ഥാനത്തെ വിവിധ വിദ്യാലയങ്ങളിൽ നടത്തപ്പെടുന്ന അധ്യാപക ശാക്തീകരണ ക്ലാസുകളുിലും രക്ഷാകർതൃ ബോധവൽക്കരണ ക്ലാസുകളിലും വിദ്യാർത്ഥി പ്രചോദന ക്ലാസുകളിലും 17 വർഷം പരിശീലകനായി പ്രവർത്തിച്ചിട്ടുണ്ട്.
കഥ, തിരക്കഥ, സംഭാഷണം, തുടങ്ങിയവ സ്വന്തമായി ചെയ്തു കൊണ്ട് അദ്ദേഹത്തിൻ്റെ വിദ്യാലയത്തിലെ കുട്ടികളും ടീച്ചേർസും ചേർന്ന് 'തിരുമുറ്റം' എന്നൊരു ഹ്രസ്വ ചലച്ചിത്രം നിർമ്മിച്ചത് സാമൂഹ്യ മാധ്യമങ്ങളിലും മറ്റു വാർത്താ മാധ്യമങ്ങളിലും ശ്രദ്ധ നേടി. റോബോട്ടിക്സും ആർട്ടിഫിഷ്യൽ ഇൻ്റലിജെൻസും പാഠപുസ്തകങ്ങളിൽ ഇടം പിടിക്കുന്നതിനു മുമ്പ്തന്നെ അതുമായി ബന്ധപ്പെട്ട ശില്പശാലകളും പ്രദർശന മേളകളും വിദ്യാലയത്തിൽ സംഘടിപ്പിച്ചതും ശ്രദ്ധേയമായി. ഈ വർഷത്തെ സ്കൂൾ പാർലിമെൻ്റ് തെരഞ്ഞെടുപ്പ് തൻ്റെ സ്വന്തം വിദ്യാലയത്തിലെ പത്താം ക്ലാസുകാരൻ നിർമ്മിച്ച വോട്ടിംഗ് യന്ത്രങ്ങൾ ഉപയോഗിച്ച് നടത്തിയതും കുട്ടികൾക്ക് നവ്യാനുഭവമായി. ഇത്തരത്തിലുള്ള വേറിട്ടതും നൂതനവുമായ പ്രവർത്തനങ്ങളിലൂടെ സ്കൂളിനെ ഒരു ശിശു സൗഹൃദ വിദ്യാലയമാക്കാൻ സാധിച്ചിട്ടുണ്ടെന്ന് ശ്രീ അബ്ദുൾ റഹ്‌മാൻ പറയുന്നു.
സെപ്റ്റംബർ 5 ന് ദേശീയ അധ്യാപക ദിനത്തിൽ തിരൂർ തുഞ്ചൻ പറമ്പിൽ നിന്ന് പുരസ്കാരം ഏറ്റു വാങ്ങും.