കേരളം : മലയാള സിനിമയിലെ സ്ത്രീകൾ നേരിടുന്ന ചൂഷണങ്ങൾ പുറത്തുവന്നിരിക്കുകയാണ്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മലയാള സിനിമയിൽ കാസ്റ്റിങ് കൗച്ച് നടക്കുന്നുണ്ടെന്ന് കണ്ടെത്തി. അവസരത്തിനായി ശരീരം ചോദിക്കുന്നതും സിനിമാപ്രവേശനത്തിന് ലൈംഗികമായി സഹകരിക്കണമെന്ന് ആവശ്യപ്പെടുന്നതും റിപ്പോർട്ടിൽ പരാമർശിക്കുന്നു. നടിമാർ താമസിക്കുന്ന ഹോട്ടലുകളിൽ നടന്മാർ വാതിലിൽ മുട്ടുന്നത് പതിവാണെന്നും വാതിൽ തകരുമോ എന്നുപോലും നടിമാർ ഭയപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
ലൈംഗിക പീഡനങ്ങൾ ഉണ്ടായാലും തൊഴിൽ വിലക്കുണ്ടാകുമെന്ന ഭയം മൂലം പോലീസിൽ പരാതിപ്പെടുന്നില്ലെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. മലയാള സിനിമയിൽ ലഹരിയും ലൈംഗികതയും നിറയുന്നതായും ആൺ താരങ്ങൾ അധികാരം ദുരുപയോഗിക്കുന്നതായും കണ്ടെത്തി. കാമസസ്ഥലത്തും, യാത്രക്കിടയിലും സെറ്റുകളിലും നടിമാർ ഉപദ്രവിക്കപ്പെടുന്നുണ്ടെന്നും നടി ആക്രമിക്കപ്പെട്ട കേസ് ഒറ്റപ്പെട്ടതല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
ലൈംഗിക ചൂഷണം നടക്കുന്നുണ്ടെന്ന് ആൺ താരങ്ങൾ തന്നെ മൊഴി നൽകിയതായി റിപ്പോർട്ടിൽ പരാമർശിക്കുന്നു. എന്നാൽ ഈ അവസ്ഥ മാറ്റാനാകില്ലെന്നും അവർ അഭിപ്രായപ്പെട്ടു. ലൈംഗിക ചിത്രങ്ങളും അവയവങ്ങളുടെ ഫോട്ടോകളും നടിമാർക്ക് അയച്ചു നൽകുന്നതായും, താല്പര്യത്തിന് വഴങ്ങാത്തവരെ റിപ്പീറ്റ് ഷോട്ടുകൾ എടുപ്പിച്ച് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇത്തരത്തിൽ 14 ഷോട്ടുകൾ വരെ എടുപ്പിച്ചതായി കമ്മീഷന് മൊഴി ലഭിച്ചതായും റിപ്പോർട്ടിൽ പറയുന്നു.